റെയിൽവേ സംരക്ഷണ സേനയിൽ 4208 കോൺസ്റ്റബിൾ 452 എസ്.ഐ ഒഴിവുകൾ

റെയിൽവേ സംരക്ഷണ സേനയിൽ 4208 കോൺസ്റ്റബിൾ 452 എസ്.ഐ ഒഴിവുകൾ

April 28, 2024 0 By Editor

റെയിൽവേ സംരക്ഷണ സേനയിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്) തസ്തികയിൽ 4208 ഒഴിവുകളിലും സബ് ഇൻസ്​പെക്ടർ (എസ്.​ഐ-എക്സിക്യൂട്ടിവ്) തസ്തികയിൽ 452 ഒഴിവുകളിലും നിയമനത്തിനായി വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റി​ക്രൂട്ട്മെന്റ് വിജ്ഞാപനം തിരുവനന്തപുരം ആർ.ആർ.ബിയുടെ വെബ്സൈറ്റായ www.rrbthiruvananthapuram.gov.inലും ലഭ്യമാണ്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് കായികക്ഷമതാ പരീക്ഷ, ശാരീരിക പരിശോധന, രേഖ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പരീക്ഷാഫീസ് 500 രൂപ. എസ്.സി/എസ്.ടി/വനിതകൾ/വിമുക്തഭടന്മാർ/ന്യൂനപക്ഷം അല്ലെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് 250 രൂപ മതി. ഓൺലൈനായി മേയ് 14 വരെ അപേക്ഷിക്കാം. തെറ്റ് തിരുത്തുന്നതിന് മേയ് 15-24 വരെ സൗകര്യം ലഭിക്കും. കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്) തസ്തികക്ക് എസ്.എസ്.എൽ.സി/പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 1.07.2024ൽ 18-25/28 വയസ്സ്. പുരുഷന്മാർക്ക് ഉയരം 165 സെ.മീറ്റർ, നെഞ്ചളവ് 80-85 സെ.മീറ്റർ. വനിതകൾക്ക് 157 സെ.മീറ്റർ ഉയരം മതി. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ഇളവുണ്ട്. ശമ്പളം പ്രതിമാസം 21,700 രൂപ.

എസ്.ഐ (എക്സിക്യൂട്ടിവ്) തസ്തികക്ക് ബിരുദമാണ് യോഗ്യത. പ്രായപരിധി 1.7.2024ൽ 20-25/28 വയസ്സ്. ശാരീരിക യോഗ്യതകൾ കോൺസ്റ്റബിൾ തസ്തികക്കുള്ളതുപോലെ തന്നെ. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 35,400 രൂപ. പട്ടികജാതി/വർഗക്കാർ, ഒ.ബി.സി നോൺ ക്രീമിലെയർ, വിമുക്ത ഭടന്മാർ, വിധവകൾ, കേന്ദ്രസർക്കാർ ജീവനക്കാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, പരിശീലനം ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.