ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് വൻ തിരിച്ചടി; ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു
ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ, കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി പദവിയിൽ നിന്ന് രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് വിവരം. ഡൽഹിയിൽ ആംആദ്മി പാർട്ടിയുമായുള്ള സഖ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ എതിർപ്പും രാജിക്കു കാരണമായതായി സൂചനയുണ്ട്.
ഡൽഹിയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് അരവിന്ദർ സിങ് ലവ്‌ലിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിൽ. ഡൽഹിക്ക് അപരിചിതരായ സ്ഥാനാർഥികളെ കൊണ്ടുവന്നതിലും അദ്ദേഹം അതൃപ്തനായിരുന്നു. യുവനേതാവ് കനയ്യ കുമാറിന്റെ സ്ഥാനാർഥിത്വത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് വിവരം. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് തന്നെ അകറ്റി നിർത്തിയതിലും അദ്ദേഹം അസ്വസ്ഥനായിരുന്നു.
‘‘കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ഉയർന്നുവന്ന പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് ഘടകം എതിരായിരുന്നു. എന്നിട്ടും ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചു’’ – അരവിന്ദർ സിങ് തന്റെ രാജിക്കത്തിൽ കുറിച്ചു.
ബ്ലോക്ക് തലത്തിൽ നിയമനം നടത്തുന്നതിന് അധികാരം നൽകുന്നില്ലെന്നും ബ്ലോക്കുകൾ നിർജീവമായ അവസ്ഥയിലാണെന്നും ലവ്ലി രാജിക്കത്തിൽ പറയുന്നുണ്ട്. ഒരു മുതിർന്ന നേതാവിനെ മാധ്യമചുമതല ഏൽപിക്കണമെന്ന തന്റെ നിർദേശം നിരസിക്കപ്പെട്ടു. എഎപിയുമായുള്ള സഖ്യത്തെ തുടർന്ന് ഡൽഹിയിൽ ചുരുങ്ങിയ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പിസിസിയുടെ എല്ലാ നിർദേശങ്ങളെയും തള്ളി കോൺഗ്രസ് പാർട്ടിക്ക് അപരിചിതരായ രണ്ടുപേർക്കാണ് നൽകിയതെന്നും രാജിക്കത്തിൽ അരവിന്ദർ കുറ്റപ്പെടുത്തുന്നു.