ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യം പ്രചരിപ്പിച്ചു ; ഹൈക്കോടതി നിര്‍ദേശം ലംഘിച്ചതില്‍ ജസ്‌ന സലിമിനെതിരെ കേസ്

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ജസ്‌ന സലീമിനെതിരെ കേസ്

April 12, 2025 0 By eveningkerala

തൃശൂര്‍: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് ജസ്‌ന സലീമിനെതിരെ കേസ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയിലാണ് നടപടി. കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുന്ന ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കലാപശ്രമം ഉള്‍പ്പടെയുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കൃഷ്ണചിത്രങ്ങള്‍ വരച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു ജസ്‌ന സലീം. കൂടാതെ ഗുരുവായൂര്‍ ക്ഷേത്രത്തിന് കൃഷ്ണന്റെ ചിത്രം രൂപകല്‍പ്പന ചെയ്ത് കൈമാറിയും ശ്രദ്ധ നേടി. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള വീഡിയോ ജസ്‌ന നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം അധികൃതര്‍ പരാതി നല്‍കി. ഇതിന്‍മേല്‍ ഹൈക്കോടതി കര്‍ശന നിലപാടെടുത്തു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണെന്നും ദൃശ്യങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഇതിന് ശേഷമാണ് കഴിഞ്ഞമാസം, ജസ്‌ന സലീം കാണിക്കയ്ക്ക് മുന്നിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യമെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തത്. ഇതോടെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് വീണ്ടും പരാതി നല്‍കി. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.