
പൃഥ്വിരാജൊക്കെ നമ്മുടെ മടിയിലിരുന്ന് കളിച്ച് വളർന്ന പിള്ളേരാണ്… ; എമ്പുരാനിൽ അവസരം നൽകാത്തതിൽ നടൻ ബാബു ആന്റണി
April 12, 2025എമ്പുരാനിൽ അവസരം ലഭിക്കാത്തതിനെതിരെ നടൻ ബാബു ആന്റണി. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ബാബു ആൻ്റണിക്ക് നല്ലൊരു റോൾ കൊടുക്കാമെന്ന് പോസ്റ്റുകൾ വന്നിരുന്നു . ഇതിനു പിന്നാലെയാണ് താരം പ്രതികരിച്ചത്. മലയാള സിനിമയിലെ ആക്ഷൻ താരമായതിനാൽ വിളിക്കുമെന്നാണ് കരുതിയതെന്നും താരം പറയുന്നു.
ബാബു ആന്റണിയുടെ വാക്കുകളിങ്ങനെ…..
‘എമ്പുരാനിൽ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. കാരണം ഇത്രയും വലിയൊരു സിനിമ വരുമ്പോൾ, പൃഥ്വിരാജൊക്കെ നമ്മുടെ മടിയിൽ ഇരുന്ന ആളാണ്. കാർണിവലിന്റെ ഒക്കെ സമയത്ത്. ഫഹദ്, ദുൽഖർ ഒക്കെ നമ്മുടെ മടിയിലിരുന്ന് കളിച്ച് വളർന്ന പിള്ളേരാണ്. വലിയൊരു സിനിമയല്ലേ എമ്പുരാൻ. അതും ആക്ഷൻ പടം. ആക്ഷൻ അത്യാവശ്യം നന്നായി ചെയ്യുന്ന ആളായത് കൊണ്ട് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊക്കെ അവരുടെ തീരുമാനങ്ങളാണല്ലോ. ഞാൻ ഉണ്ടാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു’, ബാബു ആന്റണി പറഞ്ഞു.
‘എന്റെ കൂടെ വന്ന് വലുതായ ഒന്ന് രണ്ട് സംവിധായകർ ഉണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തുക്കൾ. അവരോട് എടാ ഒരു വേഷം താടാന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ തന്നിട്ടില്ല. പക്ഷേ ജനങ്ങളുടെ സ്നേഹം എന്നെ തിരിച്ച് കൊണ്ടുവന്നു. ഞാൻ പോലും തിരിച്ചറിയാത്തവരുടെ സ്നേഹം.
എനിക്ക് ഫാൻസ് ക്ലബ്ബൊന്നും ഇല്ല. പക്ഷേ ആളുകളുടെ സത്യസന്ധമായ സ്നേഹം ഭയങ്കരമായ കാര്യമാണ്. ദൈവാനുഗ്രഹമാണത്. എനിക്കൊരു പഞ്ചായത്ത് അവാർഡ് പോലും ഇന്നുവരെ കിട്ടിയിട്ടില്ല. കൊള്ളാമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചൊരു മിഠായി പോലും തന്നിട്ടില്ല. അതൊന്നും ഞാൻ പ്രതീക്ഷിക്കുന്നുമില്ല. അവാർഡുകൾ അല്ല ലക്ഷ്യം. ജനങ്ങളെ എന്റർടെയ്ൻ ചെയ്യിക്കണം. ഞാനൊരു എന്റർടെയ്നർ ആണല്ലോ’, എന്നും ബാബു ആന്റണി കൂട്ടിച്ചേർത്തു.