വിഷുവിന് കണിക്കൊന്നയുടെ പ്രാധാന്യവും ഐതിഹ്യവുമറിയാം

വിഷുവിന് കണിക്കൊന്നയുടെ പ്രാധാന്യവും ഐതിഹ്യവുമറിയാം

April 13, 2025 0 By eveningkerala

വിഷുവുമായി ഏറ്റവും ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽക്കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു.

കർണ്ണികാരം എന്നും അറിയുന്ന കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ സംസ്ഥാന പുഷ്പവും. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌.

കണിക്കൊന്ന ഇല്ലാത്ത ഒരു വിഷുക്കണി സങ്കല്‍പ്പിക്കാന്‍ സാദ്ധ്യവുമല്ല. വിഷുക്കാലമാകുന്നതോടെ കൊന്നകള്‍ പൂത്തുലയുന്നു. വിഷുവിന് കണിയൊരുക്കാന്‍ പ്രധാനമായ കണിക്കൊന്നയ്ക്കുമുണ്ട് ഐതീഹ്യം.

ക്ഷേത്രപൂജാരി അമ്പലം അടച്ച് പോകുമ്പോള്‍ ചെറിയൊരു കുട്ടി ചുറ്റുമതിലിനകത്ത് പെട്ടുപോകുന്നു. കുട്ടിയെ സന്തോഷിപ്പിക്കാന്‍ സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍ തന്നെ പ്രത്യക്ഷപ്പെടുകയും തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാന്‍ കൊടുക്കുകയും ചെയ്യുന്നു. പൂജാരി വന്ന് വീണ്ടും ക്ഷേത്രം തുറന്നപ്പോള്‍ ശ്രീകോവിലിനകത്തെ ദേവാഭരണം കുട്ടിയുടെ കൈയ്യില്‍ കാണുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് കുട്ടി വലിച്ചെറിഞ്ഞ അരഞ്ഞാണം ചെന്ന് തങ്ങിയത് തൊട്ടടുത്തുള്ള മരത്തിലാണ്. കുലകുലയായി പൂക്കളുടെ രൂപത്തില്‍ അത് മരം മുഴുവന്‍ തൂങ്ങിക്കിടന്നെന്നാണ് കണിക്കൊന്നയുടെ ഐതീഹ്യം.

വിഷുവുമായി ബന്ധപ്പെടുത്തി ഒട്ടേറേ ഐതീഹ്യങ്ങളുണ്ട്. നരകാസുരന്റെ ഉപദ്രവത്തെ തുടര്‍ന്ന് ശ്രീകൃഷ്ണന്‍ നരകാസുരനുമായി യുദ്ധത്തിനെത്തിയതാണ് പുരാണ കഥകളിലൊന്ന്. യുദ്ധത്തില്‍ മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ തുടങ്ങിയ അസുരന്മാരെയെല്ലാം വധിച്ച് ഒടുവില്‍ നരാകാസുരനെയും നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ നരകാസുര വധം നടത്തിയ ദിനമാണ് വിഷുവായി കൊണ്ടാടുന്നതെന്നാണ് ഒരു ഐതീഹ്യം.

കേരളത്തിലെ പ്രധാന വിളവെടുപ്പുത്സവങ്ങളിലൊന്ന് കൂടിയാണ് വിഷു. വേനല്‍ക്കാലത്തെ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് മേട വിഷു ആഘോക്കുന്നത്. വിഷുവും കൃഷിയുമായി ബന്ധപ്പെടുത്തി ഒട്ടനവധി ആചാരങ്ങള്‍ ഈ ദിവസങ്ങളില്‍ നടക്കുന്നു.