`മീഡിയ വൺ` വിലക്ക് തുടരും; ചാനലിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

`മീഡിയ വൺ` വിലക്ക് തുടരും; ചാനലിന്റെ അപ്പീൽ ഹൈക്കോടതി തള്ളി

March 2, 2022 0 By Editor

കൊച്ചി: മീഡിയ വൺ ചാനലിനെ വിലക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുളള അപ്പീൽ തള്ളി. ചീഫ് ജസ്റ്റീസ് അടങ്ങിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. മീഡിയ വൺ ചാനൽ നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ചാനൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ചാനലിന്‍റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോ‍ർട്ടുകൾ ഉണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സർക്കാരിന്‍റേതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവർ കക്ഷികളായാണ് ഡിവിഷൻ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിച്ചത്. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് മീഡിയവൺ ചാനലിനായി ഹാജരായത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് തന്നെ സംശയാസ്പദമാണെന്നും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ വിശദീകരണം പോലും കേൾക്കാതെ സംപ്രേക്ഷണം തടഞ്ഞതെന്നും ദുഷ്യന്ത് ദവെ വാദിച്ചു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മീഡിയ വണുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണ വിലക്കെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി കോടതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഓപ്പൺ കോർട്ടിൽ പറയാൻ സാധിക്കില്ലെന്നും വിശദ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കാമെന്നും അമൻ ലേഖി കോടതിയെ അറിയിച്ചു.

കേസിൽ വാദം പൂ‍ർത്തിയാവും വരെ ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിക്കാൻ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായില്ല. അന്തിമ വിധി പ്രസ്താവത്തിനായി കേസ് മാറ്റിവയ്ക്കുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു.