സ്റ്റോക്ക് എക്സ്ചേഞ്ചിൽ ക്രമക്കേട്; മുൻ എംഡി ചിത്ര രാമകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു
ന്യൂഡൽഹി : ഔദ്യോഗിക രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ സിഇഒ ചിത്ര രാമകൃഷ്ണ അറസ്റ്റിൽ. ഇന്നലെ രാത്രിയോടെ സിബിഐ ആണ് ചിത്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ചിത്ര സമർപ്പിച്ച അപേക്ഷ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു നടപടി.
2013 മുതൽ 2016 വരെയുള്ള കാലത്താണ് എൻഎസ്ഇയുടെ സിഇഒയായി ചിത്ര സേവനം അനുഷ്ഠിച്ചിരുന്നത്. ഈ കാലയളവിൽ ഇ- മെയിൽ വഴി ഔദ്യോഗിക രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ചിത്രയ്‌ക്കെതിരായ കേസ്. ഔദ്യോഗിക രഹസ്യവിവരങ്ങൾ കൈമാറ്റം ചെയ്ത വിവരം സെബിയാണ് പുറത്തുവിട്ടത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹിമാലയത്തിലെ യോഗി എന്ന് പേരായ ആൾക്ക് ചിത്ര വിവരങ്ങൾ കൈമാറിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തത്. 2014 മുതൽ 2016 വരെയാണ് യോഗിയ്‌ക്ക് ചിത്ര രഹസ്യവിവരങ്ങൾ കൈമാറിയതെന്നാണ് കണ്ടെത്തൽ.
കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ചിത്ര. നേരത്തെ എൻഎസ്ഇ മുൻ ജീവനക്കാരൻ ആയ ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ആനന്ദ് തന്നെയാണ് ചിത്ര വിവരങ്ങൾ കൈമാറിയിരുന്ന യോഗി എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.