സ്വത്ത് തര്‍ക്കം: തൊടുപുഴയില്‍ മകനെയും കുടുംബത്തെയും പിതാവ് തീവെച്ചുകൊന്നു; പ്രതി ഹമീദിനെ പോലീസ് പിടികൂടി

സ്വത്ത് തര്‍ക്കം: തൊടുപുഴയില്‍ മകനെയും കുടുംബത്തെയും പിതാവ് തീവെച്ചുകൊന്നു; പ്രതി ഹമീദിനെ പോലീസ് പിടികൂടി

March 19, 2022 0 By Editor

തൊടുപുഴ: തൊടുപുഴയില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും മൂന്നംഗ കുടുംബത്തെയും പിതാവ് തീകൊളുത്തിക്കൊന്നു. അബ്ദുള്‍ ഫൈസല്‍ (45), ഭാര്യ ഷീബ (45), മക്കളായ മെഹര്‍ (16), അഫ്‌സാന (14) എന്നിവരാണ് മരിച്ചത്.

കൊല്ലപ്പെട്ട ഫൈസലിന്റെ പിതാവ് ഹമീദിനെ (79) സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയ്ക്കു സമീപം ചീനിക്കുഴിയിലാണ് സംഭവം. ഫൈസലും കുടുംബവും ഉറങ്ങിക്കിടന്ന സമയത്ത്, ഫൈസല്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തീപിടിച്ചതിനെത്തുടർന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാൾ അയൽക്കാരനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ഓടി വീട്ടിലെത്തിയപ്പോൾ പുറത്തുനിന്നും കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേക്ക് ഹമീദ് എറിയുകയായിരുന്നു. വീടിന്റെ വാതിലുകൾ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു തീയിട്ടത്. ഇതാണ് കുടുംബത്തിന് രക്ഷപ്പെടാൻ സാധിക്കാതെ വന്നത്. തുടർന്ന് വാതിൽ തകർത്താണ് അകത്തു കയറിയത്. തീ കെടുത്താതിരിക്കാന്‍ വീട്ടിലെയും അയല്‍വീടുകളിലെയും കുടിവെള്ള ടാങ്കുകളിലെ വെള്ളം ഹമീദ് ഒഴുക്കിക്കളഞ്ഞുവെന്നും സൂചനയുണ്ട്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തിയത്. ഹമീദ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഹമീദ്, ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് 55 സെന്റ് ഭൂമി മകന്‍ അബ്ദുള്‍ ഫൈസലിന് എഴുതി നല്‍കിയിരുന്നു. ശേഷം മണിയാറന്‍കുടിയിലേക്ക് പോയ ഹമീദ് അവിടെ ഒരു വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. 2018-ല്‍ ചീനിക്കുഴിയിലേക്ക് മടങ്ങിയെത്തിയ ഹമീദ്, ഇവിടെ ഒരു പെട്ടിക്കട ആരംഭിച്ചു. തുടര്‍ന്ന് താന്‍ എഴുതി നല്‍കിയ ഭൂമി മടക്കി നല്‍കണമെന്ന് മകനോട് ആവശ്യപ്പെട്ടു. ഹമീദ് നല്‍കിയ ഭൂമിയില്‍ ഇതിനകം വീട് നിര്‍മിച്ച് കുടുംബത്തിനൊപ്പം താമസിക്കുകയായിരുന്നു അബ്ദുള്‍ ഫൈസല്‍. 2018 മുതല്‍ ഇവര്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു.