നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിന്നില്‍ മട്ടന്‍ വാങ്ങാന്‍ നല്‍കാത്തതിലെ പ്രതികാരമാണെന്ന് പ്രതി ഹമീദ്.

നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിന്നില്‍ മട്ടന്‍ വാങ്ങാന്‍ നല്‍കാത്തതിലെ പ്രതികാരമാണെന്ന് പ്രതി ഹമീദ്.

March 19, 2022 0 By Editor

ഇടുക്കി തൊടുപുഴ ചീനിക്കുഴിയില്‍ നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിന്നില്‍ മട്ടന്‍ വാങ്ങാന്‍ നല്‍കാത്തതിലെ പ്രതികാരമാണെന്ന് പ്രതി ഹമീദ്. മകനോട് ഇന്നലെ മട്ടന്‍ വാങ്ങി നല്‍കാന്‍ ഹമീദ് ആവശ്യപ്പെട്ടെങ്കിലും മകന്‍ അതിന് തയാറായിരുന്നില്ല. ജയിലില്‍ മട്ടന്‍ ലഭിക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും ഹമീദ് പൊലീസിനോട് പറഞ്ഞു.

ഹമീദിനെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതി ഹമീദ്കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത. കേസില്‍ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും ഒരു കാരണവശാലും പ്രതി രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്റു, അസ്ന എന്നിവരാണ് മരിച്ചത്. കുഞ്ഞുങ്ങളുടെയടക്കം ജീവന്‍ കവര്‍ന്നെടുത്ത നിഷ്ഠൂര കൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരില്‍ അച്ഛന്‍ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് പ്രദേശവാസികള്‍ ഇതുവരെ മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ തെളിവെടുപ്പിനെത്തിച്ച ഹമീദിനു നേരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം നടത്തിയതെന്ന് ഭീതിയുടെ ആക്കം കൂട്ടുന്നു.

കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍, വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടര്‍ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയര്‍ന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാല്‍ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു.