ഖത്തറില്‍ മരുന്നുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

June 8, 2018 0 By Editor

സൗദി : ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്കേര്‍പ്പെടുത്തി. സൗദി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറിലെ ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചതിന് തുടര്‍ച്ചയായാണ് ഉപരോധ രാജ്യങ്ങളിലെ മരുന്നിനും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഉപരോധരാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്റ്റ് എന്നിവയുടെ മരുന്നുകള്‍ ഖത്തറില്‍ ഇനി മുതല്‍ വില്‍ക്കാന്‍ പാടില്ല. പൊതുജനാരോഗ്യമന്ത്രാലയത്തിന് കീഴിലെ ഫാര്‍മസി ആന്റ് ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ഫാര്‍മസികളില്‍ നിന്നും ഈ രാജ്യങ്ങളുടെ മരുന്നുകള്‍ ഉടന്‍ നീക്കണമെന്ന് വകുപ്പ് അറിയിച്ചു. ഇത്തരം മരുന്നുകള്‍ ഡീലര്‍മാര്‍ക്ക് തന്നെ തിരിച്ചുനല്‍കുകയാണ് വേണ്ടതെന്നും, വകുപ്പിന്റെ ഇന്‍സ്‌പെക്ടര്‍മാര്‍ ഓരോ ഫാര്‍മസിയിലും ഉത്തരവ് പാലിക്കുന്നുണ്ടോയെന്നും പരിശോധനകള്‍ നടത്തും.

മെയ് 26ലെ സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഉപരോധ രാജ്യങ്ങളുടെ എല്ലാ ഉത്പന്നങ്ങളും ഷെല്‍ഫുകളില്‍ നിന്ന് എടുത്തുമാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മരുന്നുകള്‍ക്കും വിലക്ക് വരുന്നത്. പുതിയ ഉത്തരവ് ഉപരോധ രാജ്യങ്ങളില്‍ നിന്ന് വരുന്ന മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയെയാണ് ബാധിക്കുക. ഇതിന് പകരം ഉപയോഗിക്കാവുന്ന ഇത്തരം ഉത്പന്നങ്ങള്‍ ഇപ്പോള്‍ തന്നെ ഖത്തര്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇന്ത്യ, തുര്‍ക്കി, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തറിപ്പോള്‍ കൂടുതല്‍ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് . ഇതിനാല്‍ പുതിയ ഉത്തരവ് ഒരു തരത്തിലും മരുന്നുക്ഷാമത്തിന് ഇടയാക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.