‘മുരളീധരൻ കേരള ബിജെപിയുടെ ശാപം’; തുറന്നടിച്ച് യുവമോർച്ച നേതാവ്; പിന്നാലെ യുവമോർച്ച നേതാവിനെ പുറത്താക്കി
കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരെ വിമർശനവുമായി യുവമോർച്ച തൃശൂർ ജില്ല ജനറൽ സെക്രട്ടറി പ്രസീദ് ദാസ്.പിന്നാലെ നടപടിയുമായി നേതൃത്വം രംഗത്ത് എത്തി. പിന്നാലെ പാർട്ടി അച്ചടക്കം പാലിക്കുന്നെന്ന് കുറിച്ച് ട്വീറ്റ് നേതാവ് നീക്കി.
കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരൻ. കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരൻ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം മാപ്പ് നൽകില്ല. ,’ – എന്നായിരുന്നു പ്രസീദ് ദാസിന്റെ ട്വീറ്റ്.
തൃക്കാക്കരയിൽ സംസ്ഥാന നേതാവിനെ തന്നെ മൽസരിപ്പിച്ചിട്ടും കെട്ടിവച്ച കാശ് പോലും പോയ അവസ്ഥയിലാണ് ബിജെപി. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാൾ വോട്ട് കുറഞ്ഞതും നേതൃത്വത്തിന് തലവേദനയാവുകയാണ്. ഇതിന് പിന്നാലെ ബിജെപിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയരുകയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജില്ലാ നേതാവിനു ലഭിച്ച വോട്ടുകൾ പോലും പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനു ലഭിച്ചില്ല. 12,957 വോട്ടുകളുമായി മൂന്നാം സ്ഥാനമാണ് രാധാകൃഷ്ണന് നേടാനായത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയമം അനുസരിച്ച് ആകെ പോൾ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കിൽ കെട്ടിവച്ച കാശ് നഷ്ടമാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓരോ സ്ഥാനാർഥിയും 10,000 രൂപയും ലോക്സഭയിലേക്കെങ്കില്‍ 25,000 രൂപയും കമ്മിഷനിൽ കെട്ടിവയ്ക്കണം എന്നാണ് ചട്ടം.
തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കനുസരിച്ച് പോസ്റ്റൽ വോട്ടടക്കം 1,35,349 വോട്ടുകളാണ് ഇത്തവണ തൃക്കാക്കരയിൽ പോൾ ചെയ്തത്. ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകൾ നേടിയെങ്കിൽ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാൽ രാധാകൃഷ്ണന് ലഭിച്ചതാകട്ടെ 12,957 (9.57%) വോട്ടുകൾ മാത്രം. 2021ൽ മത്സരിച്ച എസ്.സജി എൻഡിഎയ്ക്കായി 15,483 (11.34%) വോട്ടുകൾ നേടിയിരുന്നു.