തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കൽ; നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ

തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കൽ; നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ

June 18, 2022 0 By Editor

തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ച് കേന്ദ്ര സർക്കാർ. തിരഞ്ഞെടുപ്പ് നിയമ ഭേദഗതിക്കായി വിജ്ഞാപനം പുറത്തിറക്കി. കള്ളവോട്ട് തടയുന്നതും, വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതുമാണ് പുതിയ നിയമഭേദഗതി. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ രാജ്യത്തെ തിരഞ്ഞെടുപ്പ് നടപടി ക്രമത്തിൽ നിർണായക പരിഷ്‌കാരത്തിനാണ് കേന്ദ്ര സർക്കാർ തുടക്കം കുറിക്കുന്നത്.

കള്ളവോട്ട് തടയുന്നതിനും ഒരാൾ തന്നെ രണ്ടിടങ്ങളിൽ വോട്ട് ചെയ്യുന്നത് തടയാനും നിയമ ഭേദഗതിയിലൂടെ സാധിക്കും. കൂടാതെ ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് തിയതികളിൽ പതിനെട്ട് വയസ്സ് തികയുന്നത് മാനദണ്ഡമാക്കി വർഷത്തിൽ നാല് തവണ വോട്ടർ പട്ടിക പുതുക്കുന്നതിനും നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. നിലവിൽ വർഷത്തിൽ ഒരു തവണ മാത്രമാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുള്ളത്. തിരഞ്ഞെടുപ്പ് നിയമഭേദഗതി കഴിഞ്ഞ സമ്മേളന കാലയളവിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു.

നിയമഭേദഗതിയുടെ ഭാഗമായി പാർലമെന്റിന്റെ നിയമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ഒറ്റ വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. നിലവിൽ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് വോട്ടർപട്ടിക തയ്യാറാക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും, തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക തയ്യാറാക്കാനുള്ള ചുമതല സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ഇതിനു പകരം ഏകീകരിച്ച വോട്ടർപട്ടിക തയ്യാറാക്കി എല്ലാ തിരഞ്ഞെടുപ്പുകളും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുക എന്നതായിരുന്നു സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാർശ.