വൈദ്യുതി നിരക്ക്  കൂട്ടി പിണറായി സർക്കാർ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ” വിശദാംശങ്ങൾ ഇങ്ങനെ

വൈദ്യുതി നിരക്ക് കൂട്ടി പിണറായി സർക്കാർ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ” വിശദാംശങ്ങൾ ഇങ്ങനെ

June 25, 2022 0 By Editor

അടുത്ത ഒരു വർഷത്തേ‍ക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോഡുകൾക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ലെന്ന് കമ്മിഷൻ അറിയിച്ചു. പ്രത്യേക സാഹചര്യം പരിഗണിച്ച് 2022-23 വർഷത്തെ നിരക്ക് വർധനയെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ അറിയിച്ചു.

എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് താരിഫ് പരിഷ്കരണം. കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകൾ പരിഗണിച്ചിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. വർധന ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

  • പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂണിറ്റിന് 25 പൈസയില്‍ താഴെ. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും.
  •  1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗമുള്ള വരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധന ഇല്ല.
  • പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനവില്ല. സംസ്ഥാനത്ത് ഏകദേശം 25 ലക്ഷം ഉപഭോക്താകളാണ് ഈ വിഭാഗത്തിലുള്ളത്. ഇവര്‍ക്ക് ആനുകൂല്യം ലഭിക്കും.
  • അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് താരിഫ് വര്‍ധനവില്ല. ഏകദേശം 35,200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്.
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ താരിഫ് വര്‍ധനവില്ല.
  • ചെറിയ പെട്ടികടകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍നിന്നു 2000 വാട്ടായി വര്‍ധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സൗജന്യ നിരക്ക് നിലനിര്‍ത്തി.
  • 10 കിലോവാട്ടുവരെ കണക്ടഡ് ലോഡും ചെറുകിട വ്യവസായങ്ങളായ അരി പൊടിക്കുന്ന മില്ലുകള്‍, തയ്യല്‍ ജോലി ചെയ്യുന്നവര്‍, തുണിയേയ്ച്ചുകൊടുക്കുന്നവര്‍ തുടങ്ങിയ ചെറുകിട സംരംഭകര്‍ക്കുള്ള വൈദ്യുതി നിരക്കിലുള്ള ആനുകൂല്യം തുടരും. ഈവിഭാഗങ്ങള്‍ക്ക് ശരാശരി യൂണിറ്റിന് 15 പൈസയുടെ താരിഫ് വര്‍ധനവ് വരും.