സൂപ്പർ മാർക്കറ്റിനായി വ്യാജരേഖ ചമച്ച് വൈദ്യുതി കണക്‌ഷൻ നൽകി : കേസെടുത്ത ഇൻസ്പെക്ടർക്ക് മണിക്കൂറുകള്‍ക്കുള്ളിൽ സ്ഥലംമാറ്റവും
Kozhikode : വടകരയിൽ പ്രവാസിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സാവറി ഹോട്ടൽ – സൂപ്പർ മാർക്കറ്റ് എന്നിവയ്ക്കു വ്യാജ രേഖ ചമച്ചു വൈദ്യുതി കണക്‌ഷൻ മാറ്റിക്കൊടുത്ത സംഭവത്തിൽ കേസ് എടുത്ത പൊലീസ് ഇൻസ്പെക്ടർക്കു സ്ഥലംമാറ്റം. ഒരു മാസം മുൻപു വടകര സ്റ്റേഷനിൽ ചുമതലയേറ്റ ഇൻസ്പെക്ടർ എം.രാജേഷിനെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു തൊട്ടു പിന്നാലെ വയനാട്ടിലെ ക്രൈംബ്രാഞ്ചിലേക്കു സ്ഥലംമാറ്റിയത്.
പ്രമുഖ പാർട്ടിയുടെ നേതാവ് ഉൾപ്പെടെയുള്ളവർ കേസ് റജിസ്റ്റർ ചെയ്യുന്നത് നീട്ടിക്കൊണ്ടു പോകാൻ പൊലീസിനു നിർദേശം നൽകിയതായി ആരോപണം ഉയർന്നിരുന്നു. ഇത് അവഗണിച്ചാണു കേസ് റജിസ്റ്റർ ചെയ്തതെത്രെ . അതിനിടെ, ഹോട്ടൽ – സൂപ്പർ മാർക്കറ്റ് പൂട്ടാൻ ചോറോട് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതും മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തിക്കാത്തതും കൊണ്ടാണിത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
വ്യാജ രേഖ നൽകി വൈദ്യുതി കണക്‌ഷൻ മാറ്റിക്കൊടുത്ത സംഭവത്തിൽ കെഎസ്ഇബി അധികൃതരും കുടുങ്ങുമെന്നുറപ്പായി. കെട്ടിടത്തിന്റെ വാടക കുടിശികയുടെ പേരിൽ മാസങ്ങളായി നിയമ യുദ്ധം നടത്തുന്ന പ്രവാസിക്കെതിരെ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന സമ്മർദ ശ്രമത്തിനിടയിലാണ് വ്യാജ രേഖ ചമച്ച് കണക്‌ഷൻ മാറ്റി നൽകിയ വിവരം കെട്ടിടം ഉടമയ്ക്ക് ലഭിക്കുന്നത്. കണക്‌ഷൻ മാറ്റുന്നതിനു പുറമേ ജനറേറ്റർ പങ്കിടുന്നത് ഉൾപ്പെടെയുള്ള ആവശ്യത്തിന് 3 രേഖകളിലാണു വ്യാജ ഒപ്പുള്ളത്.
സംഭവത്തിൽ സ്ഥാപനം ഉടമ ചൊക്ലി അണിയാരം മാണിക്കോത്ത് കുഞ്ഞിമൂസ, ഷൈബിൻ കുഞ്ഞിമൂസ എന്നിവർക്കും ഇലക്ട്രിക്കൽ കോൺട്രാക്ടർ കോഴിക്കോട് മലാപ്പറമ്പിലെ എഎംഎസ് ഇലക്ട്രോ കൺസൾട്ടന്റ് എ.എം.ഷൈജു എന്നിവർക്കും സാക്ഷിയായി ഒപ്പിട്ട 2 പേർക്കും എതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്.
കെട്ടിടം ഉടമയും റോക്കി എൻക്ലേവ് എംഡിയും പ്രവാസിയുമായ ചെറുവത്ത് സി.കെ.സുരേന്ദ്രന്റെ വ്യാജ ഒപ്പിട്ട രേഖകളാണു സ്ഥാപനം തുടങ്ങിയവർ വൈദ്യുതി കണക്‌ഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു നൽകിയതെന്നു വിവരാവകാശ പ്രകാരം നൽകിയ അന്വേഷണത്തിലാണ് മനസ്സിലായത്. വാടക കുടിശികയുടെയും വൈദ്യുതി കണക്‌ഷൻ പ്രശ്നത്തിലും ഒട്ടേറെത്തവണ പൊലീസിനു പരാതി നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല എന്നും ആരോപണമുണ്ട്.