'എസ്ഡിപിഐ വര്‍ഗീയകക്ഷി, കൂടിക്കാഴ്ച താല്‍പര്യമില്ല, നേതാക്കളെ മടക്കി അയച്ചതായി സി പി എം

ബോംബ് ആക്രമണത്തിന് ശേഷം എസ്ഡിപിഐ സംഘം എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ ഒരു വാര്‍ത്തയും ചിലര്‍ എകെജി സെന്ററിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നത്…

ബോംബ് ആക്രമണത്തിന് ശേഷം എസ്ഡിപിഐ സംഘം എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ ഒരു വാര്‍ത്തയും ചിലര്‍ എകെജി സെന്ററിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് വസ്തുതാപരമല്ലെന്നും എകെജി സെന്റര്‍ അറിയിച്ചു. എസ്ഡിപിഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലൈ 1 ന് 5 മണിയോടെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു. പാര്‍ടി നേതാക്കന്മാരെ കാണണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എസ്ഡിപിഐയുമായി കൂടിക്കാഴ്ച നടത്താന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല എന്നറിയിച്ച് മടക്കിവിടുകയാണ് ചെയ്തത്. അഞ്ച് മിനിട്ടിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ല എന്ന കര്‍ശന നിലപാട് എടുത്തതോടെയാണ് അവര്‍ മടങ്ങിയത്. പുറത്ത് ഇറങ്ങിയ അവര്‍ എകെജി സെന്ററിന് മുന്നില്‍നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാനും തയ്യാറായി. ഇത് പൂർണമായും കളവാണ്.

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി സെന്റര്‍ പൊതുജനങ്ങള്‍ക്ക് എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയ കേന്ദ്രം എന്ന നിലയിലാണ് മഹാനായ എകെജിയുടെ പേരിലുള്ള ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അവിടെ കടന്നുവരുന്നതിന് ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയിട്ടില്ല. പക്ഷെ എസ്ഡിപിഐ പോലുള്ള വര്‍ഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ മടക്കി അയച്ചത്. ഓഫീസിന് ഉള്ളിലേക്ക് കടത്താതെ മടക്കി അയച്ചിട്ടും എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ എസ്ഡിപിഐ സ്വയം പ്രചരണം നടത്തുന്നത് മറ്റെന്തോ ഗൂഢ ലക്ഷ്യം ഉള്ളില്‍ വച്ചാണ്. അത്തരത്തില്‍ തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോകില്ല. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ജനങ്ങള്‍ക്ക് പൂര്‍ണമായും വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയും എന്ന് ഉറപ്പാണെന്നും സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story