
കാറുകൾ കൂട്ടിയിടിച്ച് അപകടം; അച്ഛനും അമ്മയും മകനും മരിച്ചു
July 13, 2022പത്തനംതിട്ട: എംസി റോഡിൽ അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63), മകൻ നിഖിൽ രാജ്(32) എന്നിവരാണ് മരിച്ചത്.
രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖിൽ രാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മടവൂർ കളരി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മേൽശാന്തിയാണ് രാജശേഖര ഭട്ടതിരി. ഇന്നു രാവിലെ 6.30 നായിരുന്നു അപകടം.
രാജശേഖര ഭട്ടതിരിയും കുടുംബവും അടൂർ ഭാഗത്തേക്ക് വരികയായിരുന്നു. എതിരെ കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറുമായിട്ടാണ് കൂട്ടിയിടിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സൂചന. രാവിലെ ആറരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറും പൂർണമായി തകർന്നു. എതിർദിശയിൽനിന്നു വന്ന കാറിലുണ്ടായിരുന്ന നാലു പേരും പരുക്കേറ്റ് ചികിത്സയിലാണ്.