തൃശൂരിൽ മരിച്ച യുവാവിന് വിദേശത്ത് വെച്ച് മങ്കിപോക്സ് സ്ഥിരീകരിച്ചു; നാട്ടിൽ ചികിത്സ തേടാൻ വൈകി
തൃശൂർ: തൃശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന് വിദേശത്ത് വെച്ച് രോഗം സ്ഥിരീകരിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇത് സംബന്ധിച്ച രേഖകൾ ബന്ധുക്കൾ ആരോഗ്യവകുപ്പിന് നൽകിയത് ഇന്നലെ എന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതിനിടെ, യുവാവ് ആശുപത്രിയിൽ ചികിത്സ തേടാൻ വൈകിയത് എന്ത്കൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ മാസം 21ന് വിദേശത്ത് നിന്നെത്തിയ യുവാവ് 27 നാണ് ചികിത്സ തേടിയത്. മസ്തിഷ്കജ്വരവും ക്ഷീണവും കാരണമാണ് ചികിത്സ തേടിയതെന്നാണ് വിശദീകരണം. മരണമടഞ്ഞ യുവാവിന് മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നതായി സംശയമുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. അതിനിടെ യുവാവിന്‍റെ സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് നാളെ യുവാവിന്‍റെ താമസസ്ഥലം ഉൾപ്പടെയുള്ള പ്രദേശത്ത് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പെന്ന് മന്ത്രി വീണ ജോർജ് കൂട്ടിച്ചേർത്തു. രോഗവിവരം മറച്ചുവെച്ച് കൃത്യസമയത്ത് ചികിത്സ തേടിയില്ലെന്നും മന്ത്രി വ്യക്തമാക്കി.