വി.സി. നിയമനത്തില്‍ പോരു മുറുകുന്നു; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍

തിരുവനന്തപുരം: വി.സി.നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മത്സരങ്ങള്‍ക്കിടെ കേരള സര്‍വകലാശാല വി.സി. നിയമനത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍. വി.സി.നിയമനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെര്‍ച്ച് കമ്മിറ്റി…

തിരുവനന്തപുരം: വി.സി.നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള മത്സരങ്ങള്‍ക്കിടെ കേരള സര്‍വകലാശാല വി.സി. നിയമനത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍. വി.സി.നിയമനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു . വി.സി. നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് സര്‍വകലാശാല നോമിനിയെ ഒഴിച്ചിട്ട് സ്വന്തം നോമിനിയെവച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. ഇതോടെ സര്‍ക്കാരും ഗവര്‍ണറും വീണ്ടും തുറന്നപോരിലേക്കു നീങ്ങാനുള്ള സാധ്യത തെളിഞ്ഞു.

സര്‍ക്കാരിന് താല്‍പ്പര്യമുള്ള വ്യക്തിയെ വി.സിയാക്കാനായി സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം കവര്‍ന്നുള്ള ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സര്‍ക്കാര്‍ നടപടി അന്തിമഘട്ടത്തിലാണ്. ഈ അവസരത്തിലാണ് ഗവര്‍ണറുടെ അപ്രതീക്ഷ നീക്കം. നിയമവകുപ്പ് പരിഗണിച്ച് അടുത്ത മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് ഇറക്കാനിരിക്കെയാണ് രാജ്ഭവന്റെ അതിവേഗ നീക്കമെന്നതും ശ്രദ്ധേയമാണ്. സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെയും യു.ജി.സിയുടെയും പ്രതിനിധികളാണുള്ളത്. സര്‍വകലാശാല പ്രതിനിധിയെ ഉള്‍പ്പെടുത്താതെയാണ് കമ്മിറ്റി.

ഗവര്‍ണറുടെ നോമിനി കോഴിക്കോട് ഐ.ഐ.എം. ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജിയാണ്. യു.ജി.സി. നോമിനി കര്‍ണ്ണാടകയിലെ കേന്ദ്ര സര്‍വ്വകലാശാല വി.സി. പ്രൊഫ. ബട്ടു സത്യനാരായണയും. സര്‍വ്വകലാശാല നോമിനിയായി ആസൂത്രണ ബോര്‍ഡ് െവെസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായി ഗവര്‍ണറെ സര്‍വ്വകലാശാല അറിയിക്കുകയായിരുന്നു. സര്‍വകലാശാല പേര് നിര്‍ദേശിക്കുമ്പോള്‍ പ്രതിനിധിയെ ഉള്‍പെടുത്തുമെന്നാണ് രാജ്ഭവന്‍ വിശദീകരിക്കുന്നത്.

ഓര്‍ഡിനന്‍സ് ഇറങ്ങും വരെ കാത്തിരിക്കാനായിരുന്നു സര്‍ക്കാരിന്റെയും സര്‍വ്വകലാശാലയുടേയും നീക്കം. അതിനിടെയാണ് സര്‍ക്കാരിനെ വെട്ടിലാക്കിയുള്ള ഗവര്‍ണറുടെ നീക്കം. ഗവര്‍ണറുടെ ഉത്തരവ് സര്‍ക്കാരിന് മറികടക്കുക പ്രയാസമാണ്. നിലവില്‍ വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെയും യു.ജി.സിയുടേയും സര്‍വ്വകലാശാലയുടേയും നോമിനികളാണുള്ളത്. ഇതില്‍ ഗവര്‍ണറുടെ നോമിനിയായി സര്‍ക്കാര്‍ പ്രതിനിധിയെ വെച്ചുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശ്രമം. അതുവഴി സര്‍ക്കാരിന് ഇഷ്ടമുള്ളയാളെ വി.സിയാക്കാനായിരുന്നു ശ്രമം. ഇനി ഓര്‍ഡിനന്‍സ് ഇറക്കിയാലും കേരള വി.സി നിയമനത്തില്‍ പ്രാബല്യം ഉണ്ടാകില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story