ചൈനയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു ; പ്രതിരോധിക്കാൻ കൂട്ട പരിശോധനയുമായി ആരോഗ്യ പ്രവർത്തകർ
ബീജിങ്: ചൈനയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ട്. രോഗവ്യാപനത്തെ പ്രതിരോധിക്കാൻ കൂട്ട പരിശോധന നടത്തുകയാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹൈനാനിലും ഷിൻജിയാങിലുമാണ് കോവിഡ് കേസുകൾ കൂടുതലായി രേഖപ്പെടുത്തിയത്. തിബറ്റിന്‍റെ പല പ്രദേശങ്ങളിലും കോവിഡ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞിരുന്ന ചൈനയിൽ ഇപ്പോൾ അതിവ്യാപനശേഷിയുള്ള ഒമിക്രോണിന്‍റെ വകഭേദങ്ങൾ പടരുകയാണ്. തുടർന്ന് രാജ്യത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഹൈനാൻ ദ്വീപിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ 1,78,000 വിനോദ സഞ്ചാരികൾ ദ്വീപിൽ കുടുങ്ങിക്കിടക്കുകയാണ്. കോവിഡ് വ്യാപിച്ചതിനെ തുടർന്ന് 2020 മുതൽ അന്താരാഷ്ട്ര വിനോദ സഞ്ചാരം ചൈന നിർത്തലാക്കിയിരുന്നു. ഇപ്പോഴും പ്രധാന പല സ്ഥലങ്ങളിൽ സഞ്ചാരികൾക്കായി പ്രവേശനം അനുവദിച്ചിട്ടില്ല.
കോവിഡ് വ്യാപന കാരണം ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് ചൈനയിലെ ദ്വീപ് നഗരമായ സാന്യയിൽ കഴിഞ്ഞയാഴ്ച 80,000 വിനോദ സഞ്ചാരികൾ കുടുങ്ങിയിരുന്നു. ചൈനയുടെ ഹവായ് എന്നറിയപ്പെടുന്ന, ലക്ഷകണക്കിന് ആളുകളെത്തുന്ന ഹൈനൻ ദ്വീപിലെ പട്ടണമാണ് സാന്യ. ഞായറാഴ്ച സാന്യയിൽ 483 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്ന് മുഴുവൻ വിമാന സർവിസുകളും റദ്ദാക്കി.