ബാലഗോകുലത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയറെ നീക്കണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്

കോഴിക്കോട്: ആർ.എസ്.എസ് പോഷകസംഘടനയായ ബാലഗോകുലത്തിന്‍റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ സ്ഥാനത്തുനിന്ന് മാറ്റാൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ.…

കോഴിക്കോട്: ആർ.എസ്.എസ് പോഷകസംഘടനയായ ബാലഗോകുലത്തിന്‍റെ മാതൃവന്ദനം പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പിനെ സ്ഥാനത്തുനിന്ന് മാറ്റാൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. അന്തിമ തീരുമാനത്തിനായി സംസ്ഥാന കമ്മിറ്റിയിലേക്ക് ശിപാർശ ചെയ്യാനും കഴിഞ്ഞദിവസം ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

സംഘ്പരിവാർ സംഘടനയുടെ ചടങ്ങിൽ പങ്കെടുക്കുകയും പിന്നീട് ന്യായീകരിക്കുകയും ചെയ്ത ബീന ഫിലിപ്പിന്‍റെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് യോഗം വിലയിരുത്തി. എളമരം കരീം എം.പിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് മേയർക്കെതിരെ കടുത്ത നടപടിക്ക് ശിപാർശ ചെയ്തത്.

കോട്ടൂളി വാർഡിൽനിന്നുള്ള കൗൺസിലറും നിലവിൽ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സനുമായ ഡോ. എസ്. ജയശ്രീയെ മേയറാക്കണമെന്നാണ് സെക്രട്ടേറിയറ്റിന്‍റെ നിർദേശം. ഗവ. കോളജിൽനിന്ന് പ്രിൻസിപ്പലായി വിരമിച്ച ജയശ്രീയെ മേയറാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി പ്രവർത്തകരുടെയടക്കം പ്രതീക്ഷ. എന്നാൽ, ബീന ഫിലിപ്പിനായിരുന്നു നറുക്കുവീണത്.

മേയർക്കെതിരെ മുമ്പ് വിമർശനമുയർന്നതും യോഗത്തിൽ ചർച്ചയായി. ഈ നിലയിൽ മുന്നോട്ടുപോയാൽ ബീന ഫിലിപ് പാർട്ടിയെ ഇനിയും പ്രതിരോധത്തിലാക്കുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. മേയർക്ക് പാർട്ടി ബോധം കുറവാണെന്നും അഭിപ്രായമുയർന്നു. മേയർ പോലുള്ള വലിയ പദവിയിൽനിന്ന് നീക്കുന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക. പിന്നീട് ജില്ല സെക്രട്ടേറിയറ്റിന് നിർദേശം നൽകും.

സംസ്ഥാന വ്യാപക പ്രതിഷേധത്തിനിടെ മേയർക്കെതിരെ നടപടിയില്ലെങ്കിൽ സി.പി.എമ്മിന്‍റെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകൾ ചോദ്യംചെയ്യപ്പെടും. മേയറെ പദവിയിൽനിന്ന് നീക്കിയാൽ ബി.ജെ.പിയടക്കം സംഘ്പരിവാർ നടത്താനിടയുള്ള പ്രചാരണങ്ങളും പാർട്ടി മുന്നിൽ കാണുന്നുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story