ജോജുവിന്റെ പരാതി: കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ജോജുവിന്റെ പരാതി: കോൺഗ്രസ് നേതാക്കൾക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

August 31, 2022 0 By Editor

കൊച്ചി: നടൻ ജോജു ജോർജിന്റെ പരാതിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ദേഹോപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയതും അടക്കമുള്ള കുറ്റങ്ങൾ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നു വ്യക്തമാക്കി ജോജു ജോർജ് സത്യവാങ്മൂലം നൽകിയിരുന്നു. പരാതി പിൻവലിച്ചാലും പൊതുജനത്തിനെതിരായ കുറ്റകൃത്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇന്ധന വിലവർധനയ്ക്ക് എതിരെ കഴിഞ്ഞ വർഷം നവംബർ ഒന്നിന് കോൺഗ്രസ് കൊച്ചിയിൽ നടത്തിയ സമരത്തിനിടെയാണു ജോജു ജോർജ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി – വൈറ്റില – അരൂർ ബൈപാസിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരവും അതിന്റെ ഫലമായി രൂപപ്പെട്ട ഗതാഗതക്കുരുക്കുമാണ് ജോജു ജോർജ് ഉൾപ്പെടെയുള്ള യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമായത്.

ചലച്ചിത്ര സംവിധായകൻ എ.കെ.സാജനൊപ്പം സിനിമാ ചർച്ചയ്ക്കായി നഗരത്തിലെ ഹോട്ടലിലേക്കു പോകാൻ എത്തിയ ജോജു ഗതാഗതക്കുരുക്കിനെ തുടർന്ന് പരസ്യമായി പ്രതിഷേധിക്കുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി സമരക്കാരുടെ അടുത്തേക്കു വന്ന അദ്ദേഹം നൂറുകണക്കിനു യാത്രക്കാരാണു വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതെന്നു പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിക്കാൻ ഇതല്ല രീതിയെന്നു പറഞ്ഞ അദ്ദേഹം, തൊട്ടടുത്ത വാഹനത്തിലുണ്ടായിരുന്ന കുട്ടിയെ കീമോതെറപ്പിക്കു ശേഷം വീട്ടിലേക്കു കൊണ്ടുപോകാൻ കഴിയാതെ കുടുങ്ങിയ കുടുംബത്തിന്റെ അവസ്ഥയും വിവരിച്ചു. ഇതോടെ, മറ്റു യാത്രക്കാരും എതിർപ്പുമായി രംഗത്തെത്തിയതോടെ പ്രവർത്തകരുമായി കടുത്ത വാക്കേറ്റമുണ്ടായി.

ഇതിനിടെ സമരക്കാർ ജോജുവിന്റെ വാഹനത്തിന്റെ ചില്ലു തകർത്തതായി ആരോപണമുയർന്നു. ജോജുവിന്റെ വാഹനം ആക്രമിച്ചതിനു കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി കേസ് എടുത്തിരുന്നു. വാഹനം തടഞ്ഞു നിർത്തി ഡോർ ബലമായി തുറന്ന് ജോജുവിന്റെ ഷർട്ടിനു കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. ജോജു മദ്യപിച്ചാണ് ബഹളമുണ്ടാക്കിയതെന്ന് കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു. ജോജു ജോർജിനെതിരെ കോൺഗ്രസ് വനിതാ നേതാവും പൊലീസിൽ പരാതി നൽകിയിരുന്നു.