'ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രം സി.പി.എം തീരുമാനത്തെ പരിഹസിച്ച് ഫാത്തിമ തഹ്ലിയ
കോഴിക്കോട്: എ.എൻ. ഷംസീറിനെ നിയമസഭ സ്പീക്കറാക്കാനുള്ള സി.പി.എം തീരുമാനത്തെ പരിഹസിച്ച് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. 'ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സി.പി.എം പയറ്റിയത്.
നിയുക്ത സ്പീക്കർ എ.എൻ ഷംസീറിന് അഭിനന്ദനങ്ങൾ!' -ഫാത്തിമ തഹ്ലിയ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
തലശ്ശേരി എം.എൽ.എയായ എ.എൻ. ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. നിലവിലെ സ്പീക്കർ എം.ബി. രാജേഷിനെ, എം.വി. ഗോവിന്ദന് പകരം മന്ത്രിയാക്കും.
സ്പീക്കർ സ്ഥാനത്ത് ഉത്തരവാദിത്തം നിർവഹിക്കാൻ സാധിക്കുമെന്ന് കരുതുന്നുവെന്നാണ് എ.എൻ. ഷംസീർ പ്രതികരിച്ചത്. സ്പീക്കർ സംസാരിക്കാൻ സാധിക്കാത്ത ആളാണ്. പദവിയിൽ ഉത്തരവാദിത്തം നിർവഹിക്കും. പാർട്ടി ഏൽപിച്ച ചുമതലയാണ്. സ്പീക്കർ നടത്തുന്നതും രാഷ്ട്രീയ പ്രവർത്തനമാണെന്നും ഷംസീർ പറഞ്ഞു.