ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയ സംഭവം ; ആര്യാ രാജേന്ദ്രനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയ സംഭവം ; ആര്യാ രാജേന്ദ്രനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

September 10, 2022 Off By admin

ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാര്‍ട്ടി നയമല്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതല്‍ പ്രതികരിക്കാനാകുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടിരുന്നു.ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.

ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്പെന്‍ഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.