ഇമ്പമുള്ള കുടുംബത്തിന്റെ മാഹാത്മ്യം വിളിച്ചോതി കെ.എം.സി.സി സംഗമം
മനാമ: പരസ്പര സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും കുടുംബബന്ധങ്ങൾ ദൃഢമാക്കാൻ പ്രവാസികൾ ശ്രമിക്കണമെന്ന് പ്രശസ്ത മോട്ടിവേറ്ററും ഫാമിലി കൗൺസലിങ് വിദഗ്ധനുമായ ഡോ. സുലൈമാൻ മേല്പത്തൂർ പറഞ്ഞു.
കെ.എം.സി.സി ബഹ്റൈൻ മനാമ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ ‘ഇമ്പമുള്ള കുടുംബം’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സൃഷ്ടിയിൽ ഏറ്റവും മനോഹരമായ വിവാഹബന്ധത്തിന്റെ വിജയം സുദൃഢമായ കുടുംബമാണ്. മക്കൾ വഴിപിഴച്ചവരായി പോകുന്നതിന്റെ പ്രധാന കാരണം ഇമ്പമുള്ള കുടുംബത്തിന്റെ അപര്യാപ്തതയാണ്. അതിനാൽ, കുട്ടികളെ കുടുംബബന്ധത്തിന്റെ മാഹാത്മ്യം പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ അദ്ദേഹത്തെ ഷാളണിയിച്ച് ആദരിച്ചു. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മറ്റു നേതാക്കളായ കുട്ടുസ മുണ്ടേരി, ശംസുദ്ദീൻ വെള്ളികുളങ്ങര, എ.പി. ഫൈസൽ, സലിം തളങ്കര, ഷാഫി പാറക്കട്ട, റഫീഖ് തോട്ടക്കര, എം.എ. റഹ്മാൻ, കെ.കെ.സി. മുനീർ, അസ്ലം വടകര, നിസാർ ഉസ്മാൻ, ഷാജഹാൻ, സീനിയർ നേതാക്കളായ എസ്.വി. ജലീൽ, വി.എച്ച്. അബ്ദുല്ല എന്നിവർ സന്നിഹിതരായിരുന്നു. ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.
gulf news in eveningkerala news