‘800 രൂപയും ചെലവും ദിവസക്കൂലിയും തരൂ.. വണ്ടി ഞങ്ങളോടിച്ചോളാം.! പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട; കളക്ഷൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരാം’; മുൻ ബസ് ഡ്രൈവറുടെ വൈറൽ കുറിപ്പ്
തിരുവനന്തപുരം: ഒന്നിന് പിറകെ ഒന്നായി കെഎസ്ആർടിസി വിവാദങ്ങളിൽ നിറയുകയാണ്. ശമ്പളം പോലും നൽകാൻ കഴിയാത്ത വിധത്തിൽ കെഎസ്ആർടിസി നഷ്ടത്തിൽ നിൽക്കുന്ന സാഹചര്യത്തിൽ ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. (ksrtc private bus driver post)
‘കെഎസ്ആർടിസിയെ എങ്ങനെ നന്നാക്കാം, ലാഭത്തിലാക്കാം’ എന്ന കുറിപ്പ് ഒരു മുൻ സ്വകാര്യ ബസ് ജീവനക്കാരനായ ഷിന്റോ പായിക്കാട്ട് എന്നയാളാണ് പങ്കുവെച്ചത്. 800 രൂപയും ചെലവും ദിവസക്കൂലിയായി തന്നാൽ തങ്ങൾ ലാഭം ഉണ്ടാക്കിത്തരാം എന്നാണ് കെഎസ്ആർടിസി എംഡിയോട് ഇയാൾ പറയുന്നത്.
5000 രൂപയ്ക്ക് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുകയാണെന്നും ആദ്യം പണിയെടുക്കൂ എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
‘Dear KSRTC എംഡി,
800 രൂപയും ചെലവും ദിവസക്കൂലിയും തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5,000ത്തിന് മുകളിൽ കലക്ഷൻ വന്നാൽ പിന്നീടുള്ള കലക്‌ഷന് 100 രൂപയ്ക്ക് 5 രൂപ വച്ച് ബാറ്റയും കൂടെ തന്നാൽ കലക്‌ഷൻ ഉണ്ടാക്കുന്നത് ഞങ്ങൾ കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിനു ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നതു നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്.
ആദ്യം പണിയെടുക്കൂ… എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം…
എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവർ.