സ്ത്രീകളെ എത്തിച്ച് നൽകിയതിനു ഷാഫിക്കു പ്രതിഫലം മൂന്ന് ലക്ഷം: പത്മയുടെ മൃതദേഹം കുഴിച്ചിട്ടത് 56 കഷ്ണങ്ങളാക്കി
പത്തനംതിട്ട: ഇലന്തൂരിൽ ആഭിചാര കർമ്മത്തിന് സ്ത്രീകളെ എത്തിച്ച് നൽകിയതിനു പ്രതിഫലമായി മൂന്ന് ലക്ഷത്തോളം രൂപ ഭഗവൽ സിംഗിൽ നിന്ന് ഷാഫി കൈപ്പറ്റിയിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജൂൺ എട്ടിന് റോസ്‌ലിയെ ബലി നൽകിയെങ്കിലും മുൻജന്മ പാപം തീർന്നില്ലെന്ന് ദമ്പതികളെ പറഞ്ഞു വിശ്വസിപ്പിച്ച് സെപ്തംബർ 26ന് പദ്മത്തെയും കുരുതി കൊടുക്കുകയായിരുന്നു ഷാഫി. മൂന്ന് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് സ്ത്രീകളെ നരബലിക്കായി എത്തിച്ചത്.
പദ്മയുടെ മൃതദേഹം 56 കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. പദ്മയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാൻ മകന് കഴിഞ്ഞില്ല. റോസ്ലിന്റെ മൃതദേഹം അഞ്ച് കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. പത്മയുടെയും റോസ്ലിന്റെയും കുഴിമാടത്തിനരികിൽ മഞ്ഞളും രാമതുളസിയും നട്ടിരുന്നു.
കൊല്ലപ്പെട്ട പത്മം എളംകുളത്തു താമസിച്ചിരുന്ന വാടക മുറിയിൽനിന്നു 57,200 രൂപ കണ്ടെടുത്തു. മുറിയിലെ കിടക്കയ്ക്ക് അടിയിൽ സൂക്ഷിച്ച നിലയിലാണു പണമുണ്ടായിരുന്നതെന്നു അയൽവാസികൾ പറഞ്ഞു. പൂട്ടിക്കിടക്കുകയായിരുന്ന മുറി കഴിഞ്ഞ ദിവസം പൊലീസ് തുറന്നു പരിശോധിച്ചപ്പോഴാണു പണം കണ്ടെത്തിയത്.
എളംകുളം ഫാത്തിമ മാതാ പള്ളി റോഡിൽ ഇതര സംസ്ഥാനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലെ ഒരു മുറിയിലായിരുന്നു ധർമപുരി സ്വദേശിയായ പത്മം താമസിച്ചിരുന്നത്. നേരത്തേ ഭർത്താവിനൊപ്പമായിരുന്നു താമസം. പിന്നീട് ഭർത്താവു നാട്ടിലേക്കു മടങ്ങി. തിരിച്ചെത്തി ഫെബ്രുവരി മുതൽ വീണ്ടും താമസം തുടങ്ങിയെങ്കിലും ഒറ്റയ്ക്കായിരുന്നുവെന്നു ലോഡ്ജ് ഉടമസ്ഥനായ റിജോ ജോസഫ് പറഞ്ഞു.