നരബലി: ഭഗവല്‍ സിങ്ങിനെ കൊന്ന് ഒന്നിച്ച് ജീവിക്കാന്‍ ലൈലയും ഷാഫിയും തീരുമാനിച്ചു; സമാനമായ രീതിയിൽ കൂടുതൽ പേരെ കൊലപ്പെടുത്തിയിരിക്കാൻ സാധ്യതയുള്ളതായും സംശയം

നരബലി: ഭഗവല്‍ സിങ്ങിനെ കൊന്ന് ഒന്നിച്ച് ജീവിക്കാന്‍ ലൈലയും ഷാഫിയും തീരുമാനിച്ചു; സമാനമായ രീതിയിൽ കൂടുതൽ പേരെ കൊലപ്പെടുത്തിയിരിക്കാൻ സാധ്യതയുള്ളതായും സംശയം

October 13, 2022 0 By Editor

പത്തനംതിട്ട: രണ്ടു സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതി മുഹമ്മദ് ഷാഫി അടുത്തതായി ലക്ഷ്യമിട്ടത് കൂട്ടുപ്രതി ഭഗവൽസിങ്ങിനെത്തന്നെയെന്ന് സൂചന. ഇയാളെ കൊലപ്പെടുത്തിയശേഷം ഷാഫിയും സിങ്ങിന്റെ ഭാര്യ ലൈലയും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. രണ്ടു സ്ത്രീകളേയും കൊലപ്പെടുത്തിയതിന് സമാനമായ രീതിയിൽ കൂടുതൽ പേരെ കൊലപ്പെടുത്തിയിരിക്കാനുള്ള സാധ്യതകളും പൊലീസ് സംശയിക്കുന്നുണ്ട്.

പത്തനംതിട്ട ഇലന്തൂരിൽ ഭഗവൽസിങ്ങിന്റെ വീട്ടിൽ നരബലി മാത്രമല്ല നരഭോജനവും നടന്നതായി പൊലീസ് അറിയിച്ചു.രണ്ടര മാസം മുൻ‌പ് കൊല ചെയ്യപ്പെട്ട റോസ്ലിയുടെ ശരീരഭാഗങ്ങൾ ഷാഫിയും ഭഗവൽസിങ്ങും കഴിച്ചതായി ലൈല ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇതു സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ആയുർവേദ മരുന്നുകൾ തയാറാക്കാനായുള്ള മരത്തടികൾക്കു മുകളിൽ വച്ച് ഒരേ വലുപ്പത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നു.

കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്‌ലി (49), കൊച്ചി എളംകുളത്തു താമസിച്ചിരുന്ന തമിഴ്നാട് ധർമപുരി സ്വദേശി പത്മ (50) എന്നിവരാണു കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ കൊച്ചി ഗാന്ധിനഗറിൽ താമസിക്കുന്ന മുഹമ്മദ് ഷാഫി (52), ഇലന്തൂർ കടകംപള്ളിൽ വീട്ടിൽ കെ.വി. ഭഗവൽ സിങ് (68), ഭാര്യ ലൈല (59) എന്നിവരെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതികളുടെ കസ്റ്റഡിക്കായി പൊലീസ് നൽകിയ അപേക്ഷ ഇന്നു പരിഗണിക്കും.

ലൈംഗിക മനോവൈകൃതമുള്ള ഷാഫിയാണ് ഇരട്ട നരബലിയുടെ സൂത്രധാരനെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. 2020ൽ പുത്തൻകുരിശിൽ വയോധികയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ ഇയാൾക്കെതിരെ നേരത്തേ 8 കേസുകളുണ്ട്. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിനായി മനുഷ്യക്കുരുതിക്കു വേണ്ടിയാണു കൊലപാതകങ്ങൾ നടത്തിയതെന്നു പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇലന്തൂരിലെ വീട് കനത്ത പൊലീസ് കാവലിലാണിപ്പോൾ. പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോയതിനാൽ ഇന്നലെ വീട്ടിലും പരിസരത്തും പരിശോധനയോ തെളിവെടുപ്പോ നടന്നില്ല. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും കെഎസ്കെടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ഭഗവൽസിങ് ഇടക്കാലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നുവെന്നു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി അറിയിച്ചു.

ദാരിദ്ര്യം മുതലെടുത്ത്, പണം മോഹിപ്പിച്ചാണ് പത്മയെയും റോസ്‌ലിയെയും ഷാഫി–ഭഗവൽസിങ്–ലൈല സംഘം കുടുക്കിയതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പത്മയെ കൊലപ്പെടുത്തിയശേഷം പ്രതികൾ നടത്തിയ അതിഭീകരമായ പീഡനം റിപ്പോർട്ടിൽ പൊലീസ് വിവരിക്കുന്നുണ്ട് . ഒന്നാം പ്രതി ഷാഫിയാണു പത്മയുടെ കഴുത്തറുത്തു കൊലപ്പെടുത്തിയത്. തെളിവു നശിപ്പിക്കാനായി ശരീരഭാഗങ്ങൾ 56 കഷണങ്ങളായി മുറിച്ചു ബക്കറ്റുകളിൽ നിറച്ചു. വീടിന്റെ വടക്കു വശത്തെ പറമ്പിൽ നേരത്തേ തയാറാക്കിയിരുന്ന കുഴിയിൽ രാത്രി വൈകി കുഴിച്ചുമൂടി. റോസ്‌ലിയെയും സമാനരീതിയിലാണു വധിച്ചത്.