എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം; 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം

എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം; 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം

October 20, 2022 0 By Editor

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈമാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം അഡീഷണണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

പരാതിക്കാരിയേയോ സാക്ഷികളേയോ ഒരു തരത്തിലും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും ജനപ്രതിനിധിയെന്ന സ്വാധീനം ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏല്‍പിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമായിരുന്നു എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ എടുത്ത ആദ്യ കേസ്. ഈ കേസിലാണ് മുന്‍കൂര്‍ ജാമ്യംതേടിയത്. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് എല്‍ദോസിനെതിരേ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയത്.

മുന്‍കൂര്‍ ജാമ്യത്തിനായുള്ള വാദം കേള്‍ക്കുമ്പോള്‍ ഇക്കാര്യമടക്കം എല്‍ദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകര്‍ ഉന്നയിച്ചു. കേസുകള്‍ രാഷ്ട്രീയ പ്രേരിതമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നായിരുന്നു എല്‍ദോസ് കോടതിയില്‍ വാദിച്ചത്. ഇതിന് പുറമെ പരാതിക്കാരി ബ്ലാക്ക്‌മെയില്‍ കേസിലടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ നിരവധി കേസുകളുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

ഇതിനിടെ ഒളിവിലിരുന്ന് എല്‍ദോസ് കെപിസിസിക്ക് വിശദീകരണവും നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജികൂടി ലഭിച്ചസ്ഥിതിക്ക് അതുകൂടി പരിഗണിച്ചാവും കെ.പി.സി.സി എല്‍ദോസിനെതിരേയുള്ള തുടര്‍ നടപടികളുമായി മുന്നോട്ടുപോകുക.