വിഷ്ണു പ്രിയയുടെ ആണ്‍സുഹൃത്തിനെ കൂടി കൊന്നതിനു ശേഷം കീഴടങ്ങാൻ പദ്ധതി; ആയുധം വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനു വേണ്ടി

കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയയെ പട്ടാപ്പകൽ കഴുത്തറുത്തു കൊന്ന പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടതായി പൊലീസ്. വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊല്ലാനായിരുന്നു തീരുമാനം. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്നു ശ്യാംജിത്ത് സംശയിച്ചു. ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനു വേണ്ടിയായിരുന്നുവെന്നും അതിനുശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു.

വിഷ്ണുപ്രിയയുടെ കൊലപാതകത്തിനു പിന്നാലെ 3 മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടിയിരുന്നു. വിഷ്ണു പ്രിയയുടെ ഫോൺ പരിശോധിച്ചപ്പോൾ ഒരു സുഹൃത്തുമായാണ് അവസാനമായി സംസാരിച്ചതെന്നു മനസ്സിലായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ്, വിഷ്ണുപ്രിയ ഫോണിൽ സംസാരിക്കുമ്പോഴാണ് ശ്യാംജിത്ത് വീട്ടിൽ എത്തിയതെന്നു പൊലീസ് മനസ്സിലാക്കിയത്. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് പ്രതി വി‌ഷ്ണു‌പ്രിയയുടെ വീട്ടിൽ എത്തിയത്. ചുറ്റികയും കത്തിയും കയറുമായാണു ശ്യാംജിത്ത് വീട്ടിലെത്തിയത്. ചുറ്റികയും കയറും നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. ഇരുതല മൂർച്ചയുള്ള കത്തി സ്വയം നിർമിച്ചു. ആക്രമണം പാളിയാലും ഗുരുതര മുറിവുകളോടെ അല്ലാതെ വിഷ്‌ണുപ്രിയ രക്ഷപ്പെടരുതെന്ന് പ്രതിക്ക് നിർബന്ധമുണ്ടായിരുന്നു.

ആഴമേറിയ മുറിവുണ്ടാക്കി കൊലപ്പെടുത്താനായി ഓൺലൈൻ വഴി കട്ടിങ് മെഷീൻ ദിവസങ്ങൾക്ക് മുൻപേതന്നെ ശ്യാംജിത്ത് വാങ്ങി. യുട്യൂബ് നോക്കി ഇവയുടെ പ്രവർത്തനം എങ്ങനെയെന്നു പ്രതി മനസ്സിലാക്കിയിരുന്നു. ഈ ഉപകരണം പ്രവർത്തിക്കുന്നതിന് ആവശ്യമായ ബാറ്ററി, പവർ ബാങ്ക് എന്നിവ നേരത്തെ തന്നെ വാങ്ങി സൂക്ഷിച്ചു. ഉപകരണത്തിന് ചെറിയ സാങ്കേതിക പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ശ്യാംജിത്തിന്റെ ബാഗിൽനിന്ന് കണ്ടെത്തിയ നീളമുള്ള മുടിച്ചുരുൾ ബാബർ ഷോപ്പിൽനിന്നു ശേഖരിച്ചതാണെന്നും അന്വേഷണം അട്ടിമറിക്കാനായിരുന്നു ശ്രമമെന്നും പൊലീസ് പറയുന്നു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 18 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. കഴുത്തു ഭാഗം അറ്റു തൂങ്ങിയ നിലയിലായിരുന്നു. കൈ കാലുകൾ ഉൾപ്പെടെ ശരീരമാസകലം വെട്ടേറ്റു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story