15കാരിയെ പീഡിപ്പിച്ചെന്ന പരാതി; കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു, നില ഗുരുതരം

കോഴിക്കോട് ∙ കുറ്റിക്കാട്ടൂരിൽ പതിനഞ്ചുകാരിയായ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ച യുവാവിനെ, പെൺകുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ കയറി ബലം പ്രയോഗിച്ച് മർദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് സംഘം ഇവരെ പിന്തുടർന്ന് 20 കിലോമീറ്റർ അകലെ മലമുകളിൽ നിന്നും യുവാവിനെ കണ്ടെത്തി. സംഭവത്തിൽ നാലു പേരെ പൊലീസ് പിടികൂടി.

പ്രതികളായ നല്ലളം സ്വദേശി നിഖിൽ നൈനാഫ് (22), എളേറ്റിൽ വട്ടോളി സ്വദേശികളായ മുഹമ്മദ് അനസ് (26), മുഹമ്മദ് ഷാമിൽ (19), പുതിയപാലം സ്വദേശി ഷംസീർ (23) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടിൽ നിന്നാണ് യുവാവിനെ ആറംഗ സംഘം രാത്രി 10.10നു തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം യുവാവിനെ വലിച്ചിറക്കി വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്കു പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവാവിന്റെ വീട്ടുകാരും മെഡിക്കൽ കോളജ് പൊലീസിൽ വിവരം നൽകി. അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എം.എൽ. ബെന്നി ലാലുവും ചേർന്ന് വൻ പൊലീസ് സംഘം പ്രതികൾക്കായി വ്യാപകമായി തിരച്ചിൽ നടത്തി.

അർധരാത്രിയോടെ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘം റോഡരികിലെ സിസിടിവി ദൃശ്യത്തിൽ തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ യുവാവുമായി ആരാമ്പ്രത്തിനടുത്ത് ചക്കാലക്കൽ സ്കൂളിനു മുകളിലുള്ള കുന്നിലേക്ക് എത്തിച്ചതായി വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി കുന്നിൻപ്രദേശം വളഞ്ഞ് സംഘത്തെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ പ്രതികളെ പുലർച്ചയോടെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിച്ചു.

ഇവർ തട്ടിക്കൊണ്ടു പോയ യുവാവ് പ്രദേശത്തെ ഒരു പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇതിൽ പ്രകോപിതരായ പുതിയറ സ്വദേശികളായ പെൺകുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story