നായയ്ക്ക് തീറ്റ വൈകിയതിന് യുവാവിനെ തല്ലിക്കൊന്നു, ശരീരമാകെ നൂറോളം പാടുകളും മുറിവുകളും

കൊപ്പം (പട്ടാമ്പി) ∙ നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിനു യുവാവിനെ ബെൽറ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്ന കേസിൽ ബന്ധു അറസ്റ്റിൽ. മണ്ണേങ്ങോട് അത്താണിയിൽ വാടകവീട്ടിൽ താമസിക്കുന്ന, മുളയൻകാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടെയും മകൻ അർഷദ് (21) മരിച്ച സംഭവത്തിൽ മുളയൻകാവ് പാലപ്പുഴ ഹക്കീമിനെയാണ് (27) അറസ്റ്റ് ചെയ്തത്.

ശരീരം മുഴുവൻ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമായി അർഷദിനെ കെട്ടിടത്തിൽനിന്നു വീണെന്നു പറഞ്ഞു ഹക്കീം തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും ഇടപെടലിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. ഹക്കീമിന്റെ അമ്മായിയുടെ മകനാണു കൊല്ലപ്പെട്ട അർഷദ്.

സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. പല കാര്യങ്ങൾക്കും അർഷദിനെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഹക്കിം വളർത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാൻ വൈകിയതിന്റെ പേരിലാണു വ്യാഴാഴ്ച രാത്രി മർദനം തുടങ്ങിയത്. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി. വീണ അർഷാദിനെ നിലത്തിട്ടും ചവിട്ടിയതോടെ വാരിയെല്ലുകൾ തകർന്നു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു നിഗമനം.

വെള്ളിയാഴ്ച രാവിലെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച അർഷദിനെ പരിശോധിച്ചപ്പോൾ സംശയം തോന്നിയ ആശുപത്രി അധികൃതർ കൊപ്പം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഉച്ചയോടെയായിരുന്നു മരണം. സംഭവത്തിനു ശേഷം കടന്ന ഹക്കീമിനെ അന്നു വൈകിട്ടു പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മണ്ണേങ്ങോട് അത്താണിയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലും പരിസരത്തും പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി.ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഷൊർണൂർ ഡിവൈഎസ്പി വി.സുരേഷ് എന്നിവർ സ്ഥലത്തെത്തി. കൊപ്പം എസ് ഐ എം.ബി.രാജേഷിന്റെ നേതൃത്വത്തിലാണു കേസന്വേഷണം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story