പോലീസോ  മാധ്യമങ്ങളോ? യഥാ‍ർത്ഥത്തിൽ നീതി നടപ്പാക്കേണ്ടതാരാണ്?

പോലീസോ മാധ്യമങ്ങളോ? യഥാ‍ർത്ഥത്തിൽ നീതി നടപ്പാക്കേണ്ടതാരാണ്?

November 12, 2022 0 By Editor

‘ഒറ്റപ്പെട്ട സംഭവങ്ങളും വീഴ്ചകളും’ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. കുറച്ച് കാലമായി പൊലീസ് സേന ഒന്നടങ്കം മലയാളി സമൂഹത്തിന് കാണിച്ച് തരുന്നത് പൊലീസ് ഉദ്യോഗസ്ഥർ എങ്ങനെ ആകരുതെന്നാണ്. തലശ്ശേരിയിൽ പൊലീസിന്‍റെ അനാസ്ഥ കണ്ട് മലയാളികൾ അത് മറന്നിട്ടില്ല. അതിന് പിന്നാലെയിതാ വീണ്ടും പൊലീസിന്‍റെ ഒരു ഒറ്റപ്പെട്ട സംഭവം. കരമനയിൽ ഹോൺ അടിച്ചെന്ന ആരോപിച്ചാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെ രണ്ട് യുവാക്കൾ ചേർന്ന് ക്രൂരമായി മർദിച്ചത്. മർദനം ഏറ്റതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങളടക്കമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയിട്ടും കേസെടുക്കാനോ പ്രതികളെ പിടിക്കാനോ പൊലീസ് തയ്യാറായില്ല എന്നാണ് ആരോപണം .

മാധ്യമങ്ങളിൽ വാർത്ത വന്നാൽ മാത്രമേ പൊലീസ് ഉണർന്നു പ്രവ‍ർത്തിക്കൂ എന്നാണ് പൊലീസിന്‍റെ ഇപ്പോഴത്തെ പ്രവർത്തികളെല്ലാം കാണിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വാർത്തയാണ് കരമനയിലെ സർക്കാർ ഉദ്യോഗസ്ഥന്‍റെ പരാതിയിൽ പൊലീസ് കേസെടുക്കാൻ കാരണമായത്. നേരത്തെ തലശ്ശേരിയിൽ നടന്ന പൊലീസിന്‍റെ അനസ്ഥയും ലോകത്തിന് മുന്നിലെത്തിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. ഏഷ്യാനെറ്റ് ന്യൂസ് സംഭവ ദിവസത്തെ സിസിടിവി ദൃശ്യമടക്കം സംപ്രേഷണം ചെയ്തതിന് പിന്നാലെ മാത്രമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായത്.

ആരും അറിയാതെ മൂടിപോകാമായിരുന്ന പല കേസുകളും വെളിച്ചത്ത് കൊണ്ടുവരുന്നത് ഇന്ന് മാധ്യമങ്ങളാണ്. ഇത്തരം വാർത്തകൾ പുറത്ത് കൊണ്ട് വന്ന് ജനങ്ങളുടെ പക്ഷത്ത് നിൽക്കാൻ ഏഷ്യാനെറ്റ് ന്യൂസ് ഉണ്ടായത് കൊണ്ട് ഈ സംഭവത്തിലും നടപടിയുണ്ടായി. ഇതുമാത്രമല്ല, പിങ്ക് പൊലീസിന്‍റെ അനാസ്ഥയടക്കം പല റിപ്പോർട്ടുകളും നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരുന്നു. നീതി നടപ്പാക്കേണ്ട പൊലീസ് കണ്ണടച്ചാൽ അതിനും തയ്യാറായി തങ്ങളുണ്ടാകുമെന്ന് ഒരിക്കൽ കൂടി മലയാളി പ്രേക്ഷകരെ ഓർമിപ്പിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.