കിടപ്പുമുറിയിൽ കൂട്ട ബലാത്സംഗം:ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ കസ്റ്റഡിയിൽ
കൊച്ചി: കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ഇൻസ്പെക്ടറെ സ്റ്റേഷനിൽ കയറി പൊലീസ് കസ്റ്റഡിയിലെടുത്തു. ബേപ്പൂർ കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ എറണാകുളം മരട് സ്വദേശി പി.ആർ.സുനുവിനെയാണു തൃക്കാക്കരയിൽനിന്നുള്ള പൊലീസ് സംഘം ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ കയറി കസ്റ്റഡിയിലെടുത്തത്.
തൃക്കാക്കരയിൽ വാടകയ്ക്കു താമസിക്കുന്ന ചേരാനല്ലൂർ സ്വദേശിയായ യുവതിയെ സുനു ഉൾപ്പെടെ 7 പേർ ചേർന്നു കൂട്ടബലാത്സംഗം ചെയ്തെന്നാണു കേസ്. കേസിലെ മൂന്നാം പ്രതിയാണു സുനു. ഡപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസിനു യുവതി നൽകിയ പരാതി തൃക്കാക്കര പൊലീസിനു കൈമാറുകയായിരുന്നു.
എന്നാൽ, സുനുവിനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും ചോദ്യംചെയ്യാനായി വിളിപ്പിച്ചതാണെന്നുമുള്ള നിലപാടിലാണു പൊലീസ്. ഇന്നലെ ഉച്ചയോടെ കൊച്ചിയിലെത്തിച്ച സുനുവിനെ അജ്ഞാതകേന്ദ്രത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. സുനുവിൽനിന്നു ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാനായി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഇതിനു ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ എന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. പരാതിക്കാരി പറയുന്ന കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു പൊലീസിന്റെ നിലപാട്.
ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെ മുകൾനിലയിലാണു സുനു താമസിച്ചിരുന്നത്. ഇന്നലെ രാവിലെ രാവിലെ 8ന് കമ്മിഷണറുടെ പതിവു വയർലെസ് മീറ്റിങ്ങിൽ (സാറ്റാ മീറ്റിങ്) പങ്കെടുക്കാൻ താഴെയുള്ള ഓഫിസിലേക്ക് എത്തിയപ്പോഴാണു തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് സംഘം കസറ്റഡിയിലെടുത്തത്. നടപടിയുണ്ടാകും എന്ന വിവരം കോഴിക്കോട് കമ്മിഷണർ, ഡിസിപി, ഫറോക്ക് എസിപി എന്നിവരെ മാത്രമാണു ധരിപ്പിച്ചിരുന്നത്. ഇക്കാരണത്താൽ അപ്രതീക്ഷിതനീക്കം മറ്റു പൊലീസുകാരെ അമ്പരപ്പിച്ചു.
2022 മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്താണു പരാതിക്ക് ആധാരമായ സംഭവം നടന്നതെന്നാണു പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലുള്ളത്. പരാതിക്കാരിയുടെ ഭർത്താവ് സാമ്പത്തിക തട്ടിപ്പു കേസിൽ ജയിലിലാണ്. പട്ടാളത്തിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു പണം തട്ടിയെന്നാണു ഇയാളുടെ പേരിലുള്ള കേസ്. ഈ അവസ്ഥ മുതലെടുത്തു സഹായവാഗ്ദാനം നൽകി പരാതിക്കാരിയെ സമീപിച്ച പ്രതികൾ ഇവരുടെ തൃക്കാക്കരയിലെ വാടകവീട്ടിലെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണു കേസ്.
സുനുവിനു പുറമെ വീട്ടുവേലക്കാരി വിജയലക്ഷ്മി, രാജീവ്, ദേവസ്വം ജീവനക്കാരൻ അഭിലാഷ്, പരാതിക്കാരിയുടെ ഭർത്താവിന്റെ സുഹൃത്ത് ശശി എന്നിവർ കേസുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുണ്ട്. രണ്ടു പ്രതികൾ ഒളിവിലാണെന്നു പൊലീസ് പറയുന്നു. മുൻപു തൃശൂർ ജില്ലയിൽ റജിസ്റ്റർ ചെയ്ത പീഡനക്കേസിലും അറസ്റ്റിലായിട്ടുള്ള സുനു, സാമ്പത്തിക തട്ടിപ്പുകേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ആറു മാസം മുൻപാണ് എറണാകുളം ജില്ലയിൽനിന്നു കോസ്റ്റൽ സ്റ്റേഷനിലേക്കു സ്ഥലംമാറിയെത്തിയത്