കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസ്; പ്രതിക്ക് ജാമ്യം

കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസ്; പ്രതിക്ക് ജാമ്യം

November 19, 2022 0 By Editor

തലശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം.തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെടരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം. കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ജാമ്യം. അറസ്റ്റിലായി പതിനഞ്ചാം ദിവസമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.

Evening Kerala Classifieds

കേസിൽ തലശ്ശേരി പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തലശ്ശേരി എസ്എച്ച്ഒ എം അനിലിനും ഗ്രേഡ് എസ്‌ഐമാർക്കും റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ വിമർശനമുണ്ട്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. അതിന് പിന്നാലെ ഡിജിപി തന്നെ ഇതിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെയാണ് റൂറൽ എസ്പി പി.വി രാജീവ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്. പൊലീസിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ജാഗ്രതയോടെ കാര്യഗൗരവമായി വിഷയത്തെ സമീപിക്കുന്നതിൽ വീഴ്ച സംഭവിച്ചു. രാത്രിയിൽ ഈ പ്രതിയെ കസ്റ്റഡിയിലെടുത്ത് തലശ്ശേരി സ്റ്റേഷനിൽ എത്തിക്കുന്നു. പക്ഷേ എഫ് ഐ ആർ രജിസ്റ്റർ ചെയ്തില്ല എന്ന് മാത്രമല്ല പിന്നീട് അയാളെ വിട്ടയക്കുകയും ചെയ്തു. പിറ്റേന്ന് ഹാജരാവുക എന്ന നിർദ്ദേശം നൽകിയാണ് വിട്ടയച്ചത്. ഈ വിഷയത്തിൽ രണ്ട് എഎസ്‌ഐമാർക്കും എസ്എച്ച്ഒയ്ക്കും വീഴ്ച സംഭവിച്ചു എന്നതാണ് റിപ്പോർട്ടിലുള്ളത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വാഹനത്തിൽ അങ്ങോട്ടേക്ക് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. പക്ഷേ വാഹനത്തിന് ചുമതല നൽകിയത് ഒരു സിപിഒയ്ക്കാണ്. അതും വീഴ്ചയാണ്. സംഭവസ്ഥലത്ത് പോയിട്ടും ഉദ്യോഗസ്ഥർ കാര്യക്ഷമമായും പ്രവർത്തിച്ചിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷന്റെ ആകെ ഉത്തരവാദിത്വമുള്ള എസ്എച്ച്ഒ വിഷയത്തിൽ കാര്യഗൗരവത്തോടെ ഇടപെട്ടില്ല എന്നും റിപ്പോർട്ടിലുണ്ട്.