
ലോക്ഡൗണുകൾ പതിവായ ചൈനയിൽ വീണ്ടും കോവിഡ് മരണം
November 21, 2022ബീജിങ്: കൊവിഡ് 19 ലോക്ഡൗണുകൾ പതിവായ ചൈനയിൽ വീണ്ടും മഹാമാരി ബാധിച്ച് മരണം. ബീജിങ്ങിൽ 87 വയസുള്ള ആളാണു മരിച്ചത്. 6 മാസം മുൻപ് ഷാങ്ഹായിയിൽ കൊവിഡ് മരണം രേഖപ്പെടുത്തിയശേഷം ഇതാദ്യമാണു രോഗം ഒരാളുടെ ജീവനെടുക്കുന്നത്. ഇതോടെ, രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5227 ആയെന്നാണു ചൈനയുടെ ഔദ്യോഗിക കണക്ക്.
ലോകരാജ്യങ്ങളെല്ലാം കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കി സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് മാറിയിട്ടില്ല മഹാമാരിയുടെ പ്രഭവ കേന്ദ്രമായ ചൈന. ഇപ്പോഴും പിന്തുടരുന്ന സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി ലോക്ഡൗണുകളും ക്വാറന്റൈനുകളും കൂട്ട പരിശോധനയും പതിവാണ് ചൈനയിൽ. തലസ്ഥാനമായ ബീജിങ്ങും ലോക്ഡൗണിനു കീഴിലാണ്. സാധാരണജീവിതം തടസപ്പെടുത്തുന്ന നിയന്ത്രണത്തിനെതിരേ വലിയ ജനരോഷമുണ്ടെങ്കിലും അടിച്ചമർത്തുകയാണു സർക്കാർ.
കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയതിനാലാണു രാജ്യത്ത് കൊവിഡ് മൂലമുള്ള അത്യാഹിതങ്ങൾ കുറച്ചതെന്നാണു ചൈനയുടെ വാദം. 140 കോടി ജനസംഖ്യയുള്ള രാജ്യത്ത് 2,86,197 പേർക്കു മാത്രമേ 3 വർഷത്തിനിടെ കൊവിഡ് ബാധിച്ചിട്ടുള്ളൂ എന്നും ചൈന അവകാശപ്പെടുന്നു. യുഎസിൽ 9.83 കോടി പേർക്ക് രോഗംബാധിക്കുകയും 10 ലക്ഷം പേർ മരിക്കുകയും ചെയ്തിരുന്നു. അതേസമയം, ചൈനയുടെ കണക്കുകൾ കൃത്രിമമെന്നു പരക്കെ വിമർശനമുണ്ട്.