ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ പട്ടികയിലിടം നേടാൻ സൗദി അറേബ്യയിൽ പുതിയൊരു വിമാനത്താവളം കൂടി വരുന്നു. റിയാദ് കേന്ദ്രമായി യാഥാർഥ്യമാകാൻ പോകുന്ന കിങ് സൽമാൻ അന്തർദേശീയ വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെന്റ് അഫയേഴ്‌സിന്റെയും (സി.ഇ.ഡി.എ) പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും (പി.ഐ.എഫ്) ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
നിർദിഷ്ട വിമാനത്താവളം സൗദി തലസ്ഥാനത്തേക്കും തിരിച്ചുമുള്ള അന്തർദേശീയ യാത്ര സുഗമമാക്കുന്നതോടൊപ്പം ചരക്ക് നീക്കത്തിന്റെ ആഗോള കേന്ദ്രമെന്ന റിയാദിന്റെ സ്ഥാനം ഉയർത്തുകയും വ്യാപാരം, ടൂറിസം എന്നിവയെ ഉത്തേജിപ്പിക്കുകയും ചെയ്യും. കിഴക്കിനെ പടിഞ്ഞാറുമായി ബന്ധിപ്പിക്കുന്ന പാലമായി വിമാനത്താവളത്തെ മാറ്റും. റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച 10 നഗര സമ്പദ് വ്യവസ്ഥകളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യമാണ് വിമാനത്താവള പദ്ധതിക്കുള്ളത്.