64ാമത് സംസ്ഥാന സ്കൂള്‍ കായികമേള നാളെ മുതൽ

64ാമത് സംസ്ഥാന സ്കൂള്‍ കായികമേള നാളെ മുതൽ

December 2, 2022 0 By Editor

തിരുവനന്തപുരം: നാലുവർഷത്തെ ഇടവേളക്ക് ശേഷം തലസ്ഥാനനഗരം ആതിഥേയത്വം വഹിക്കുന്ന 64ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് നാളെ തുടക്കമാകും. കോവിഡ് മൂലം രണ്ടുവർഷം മുടങ്ങിയ മേളക്ക് ഇക്കുറി വൈവിധ്യവും ഏറെ. നാലുദിവസമായി രാത്രി വരെ നീളുന്ന മേളയിൽ ചന്ദ്രശേഖരൻനായർ സ്റ്റേഡിയവും യൂനിവേഴ്സിറ്റി സ്റ്റേഡിയവുമാണ് മത്സരവേദി.

രണ്ടുവർഷത്തെ ഇടവേളക്കുശേഷം എറണാകുളത്തോട് കപ്പ് പിടിച്ചുവാങ്ങിയ പാലക്കാടിന്‍റെ ഭാഗ്യനാട് കൂടിയാണ് അനന്തപുരി. കല്ലടി എച്ച്.എസിന്‍റെയും ബി.ഇ.എം.എസ് എച്ച്.എസിന്‍റെയും കരുത്തിലായിരുന്നു കഴിഞ്ഞതവണ പാലക്കാടിന്‍റെ കിരീടനേട്ടം.

നഷ്ടപ്പെട്ട ചാമ്പ്യൻപട്ടം തിരിച്ചുപിടിക്കാൻ ഉറച്ചാണ് എറണാകുളത്തിന്‍റെ വരവ്. കോതമംഗലം മാർ ബേസിൽ, സെന്‍റ് ജോർജ് സ്കൂളുകളുടെ കരുത്തിലാണ് എറണാകുളം സ്വർണക്കപ്പിൽ മുത്തമിട്ട് വന്നത്. എന്നാൽ സെന്‍റ് ജോർജിന്‍റെ പങ്കാളിത്തം കുറഞ്ഞതാണ് കഴിഞ്ഞതവണ കിരീടം നഷ്ടപ്പെടാൻ കാരണം. പാലക്കാടിനും എറണാകുളത്തിനും വെല്ലുവിളി ഉയർത്തി കോഴിക്കോടുമുണ്ട്. ഉഷ സ്കൂളിലെ കുട്ടികൾ ഉൾപ്പെട്ട പുല്ലൂരാംപാറ സെന്‍റ് ജോസഫ്, എ.എം.എച്ച്.എസ് പൂവമ്പായി എന്നീ സ്കൂളുകളാണ് അവരുടെ കരുത്ത്.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ആറ് കാറ്റഗറികളിലായി 2737 കുട്ടിത്താരങ്ങളാണ് മേളയിൽ മാറ്റുരക്കുന്നത്.ഇതിൽ 1443 ആൺകുട്ടികളും 1294 പെൺകുട്ടികളും ഉൾപ്പെടും. പുറമെ 350 ഓളം ഒഫിഷ്യൽസും. ഇന്ത്യയിൽ തന്നെ ആദ്യമായി പകലും രാത്രിയുമായി നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവം എന്ന പ്രത്യേകതയും ഇതിനുണ്ട്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കൺട്രി ഉൾപ്പെടെ പത്ത് ടീം ഇനവുമടക്കം 98 ഇനങ്ങളിലാണ് മത്സരം.

state-school-sports-fair