സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ ഗ്രൂപ്പ് ചാംപ്യൻമാർ; തോറ്റിട്ടും സ്പെയിനും പ്രീക്വാർട്ടറിൽ
ഖലീഫ സ്റ്റേഡിയത്തിലെ ആവേശപ്പോരാട്ടത്തിൽ സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീക്വാർട്ടറിലേക്ക്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജപ്പാൻ സ്പെയിനെ അട്ടിമറിച്ചത്. ജപ്പാനോടു തോറ്റെങ്കിലും, ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയെ ജർമനി തോൽപ്പിച്ചതോടെ സ്പെയിൻ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നുകൂടി. ഡിസംബർ അഞ്ചിന് അൽ ജനൗബ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയാണ് ജപ്പാന്റെ എതിരാളികൾ.
ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ജപ്പാൻ, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ മൂന്നു മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് സ്പെയിനെ വീഴ്ത്തിയത്. പകരക്കാരനായി ഇറങ്ങിയ റിറ്റ്സു ഡൊവാൻ (48–ാം മിനിറ്റ്), ആവോ ടനാക (52–ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്. സ്പെയിനിന്റെ ഗോൾ ആദ്യപകുതിയിൽ അൽവാരോ മൊറാട്ട (11–ാം മിനിറ്റ്) നേടി.
japan-vs-spain-fifa-world-cup-2022