രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഗവർണറുടെ ക്ഷണക്കത്ത്; ഓണാഘോഷ പരിപാടികൾക്ക് ക്ഷണിക്കാത്തതിലുള്ള മധുരപ്രതികാരം?

തിരുവനന്തപുരം:രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണക്കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് ആഘോഷം. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി,…

തിരുവനന്തപുരം:രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണക്കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് ആഘോഷം. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ രാജ്ഭവനിൽ‌ നിന്നയച്ച ക്ഷണക്കത്തിൽ ഈ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാകും.

മുഖ്യമന്ത്രിയുമായി പരസ്യമായ ഏറ്റുമുട്ടൽ തുടരുമ്പോഴുള്ള ഗവർണറുടെ ക്ഷണം, ഓണാഘോഷത്തിന് സർക്കാർ പരിപാടികൾക്ക് തന്നെ ക്ഷണിക്കാത്തതിലുള്ള മധുരപ്രതികാരമായാണ് വിലയിരുത്തപ്പെടുന്നത്. ഗവർണർ ക്ഷണിച്ചാൽ എത്ര തിരക്കുണ്ടായാലും രാജ്ഭവനിൽ എത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം. സ്പീക്കർ എ.എൻ.ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിന് എത്തും. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് പൂർത്തിയാകുന്നതു കൂടി കണക്കിലെടുത്താണ് ഗവർണർ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദേശിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഈ വർഷം നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയിൽ‌ നിന്ന് ഗവർണറെ സർക്കാർ ഒഴിവാക്കിയിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story