സിപിഎമ്മിന്റെ ലീഗ് നിലപാട് ചര്‍ച്ചയാകും;  കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് 

സിപിഎമ്മിന്റെ ലീഗ് നിലപാട് ചര്‍ച്ചയാകും;  കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് 

December 11, 2022 0 By Editor

കൊച്ചി–  കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് എറണാകുളത്ത് ചേരും.  എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം. സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും രാഷ്ട്രീയ സാഹചര്യങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗം വിലയിരുത്തും. വിഴിഞ്ഞം സമരം, ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് ഉള്‍പ്പെടെ പല വിഷയങ്ങളിലും പൊതുധാരണ ഇല്ലാതെ പോയിട്ടും രാഷ്ടീയകാര്യ സമിതി വിളിച്ചില്ലെന്ന പരാതി എ ഗ്രൂപ്പും കെ മുരളീധരനെ പോലെയുള്ള നേതാക്കളും ഉയര്‍ത്തും.
യുഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ലീഗ് പുകഴ്ത്തലും അതിനെ സ്വാഗതം ചെയ്ത ലീഗ് നേതാക്കളുടെ പ്രതികരണങ്ങളും ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം നേതാക്കള്‍ക്കിടയിലുണ്ട്.

ശശി തരൂരിന്റെ കോഴിക്കോട് പര്യടനം വിവാദമാക്കിയതില്‍ മുസ്‌ലിം ലീഗിന് അതൃപ്തിയുണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യര്‍ ഇന്ന് ചുമതലയേല്‍ക്കും. എറണാകുളം സ്വദേശിയാണ് അലോഷ്യസ്. രാഷ്ട്രീയ കാര്യ സമിതി യോഗം കഴിഞ്ഞ ശേഷം എറണാകുളം ഡിസിസി ഓഫീസില്‍ വെച്ച് ചുമതലയേറ്റെടുക്കും. ഡിസിസി ഓഫീസില്‍ തന്നെയാണ് ഇതും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.