`ക്രിമിനലുകളെ' സേനയിൽ നിന്നും ഒഴിവാക്കാനൊരുങ്ങി കേരള പോലീസ് : ഇത്രയധികം പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യം
'ക്രിമിനലുകളെ' സേനയിൽ നിന്നും ഒഴിവാക്കാനൊരുങ്ങി കേരള പൊലീസ്. സേനയിലെ ക്രിമിനലുകളെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഗുരുതര കുറ്റകൃത്യങ്ങളിലുൾപ്പെപ്പെട്ട 59 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടാനാണ് തീരുമാനം.
ജീവപര്യന്തമോ 10 വർഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിലുള്ളത്. ഇവരുടെ ഭാഗം കൂടി കേട്ട ശേഷമായിരിക്കും നടപടി. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത പൊലീസുകാരെ തൽക്കാലം ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന പൊലീസിൽ ഇത്രയധികം ഉദ്യോഗസ്ഥരെ ഒരുമിച്ച് പിരിച്ചുവിടുന്നത് ആദ്യമാണ്. പിണറായി സർക്കാർ അധികാരമേറ്റ 2016 മുതൽ ഇതുവരെ 12 ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. 55,000 അംഗങ്ങളുള്ള സേനയിൽ 1.56% പേരാണ് ക്രിമിനൽ പട്ടികയിലുള്ളത്. ബേപ്പൂർ തീരദേശ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ആർ.സുനുവിനെ പിരിച്ചുവിടാനുള്ള റിപ്പോർട്ടിലാണ് പിരിച്ചുവിടേണ്ട മറ്റ് ഉദ്യോഗസ്ഥരെ കുറിച്ച് സർക്കാരിനെ ഡിജിപി അനിൽ കാന്ത് അറിയിച്ചത്.
ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.വി.വേണു കൈമാറിയ ഈ റിപ്പോർട്ട് നിയമസെക്രട്ടറി വ്യവസ്ഥകളോടെ അംഗീകരിച്ചിരിക്കുകയാണ്. ഇപ്പോൾ സസ്പെൻഷനിലുള്ള സുനുവിനെ ആദ്യം പിരിച്ചുവിടും. അതിൽ നിയമപ്രശ്നം ഉണ്ടായില്ലെങ്കിൽ മറ്റുള്ളവരെയും പുറത്താകും. സുനുവിനെ പിരിച്ചുവിടാനുള്ള ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണിപ്പോൾ. നിലവിൽ കേരള പൊലീസിൽ ക്രിമിനൽ കേസിൽ പ്രതികളായ 828 പേരാണുള്ളത്. എന്നാൽ ഭൂരിപക്ഷവും രാഷ്ട്രീയത്തണലിൽ സുരക്ഷിതരായി കഴിയുകയാണെന്നാണ് വിമർശനം. എന്നാൽ, നിയമപ്രശ്നം നേരിടേണ്ടി വന്നാൽ ഈ നടപടിയെങ്ങുമെത്തില്ല.