'രാജനൊപ്പം കടയില്‍ മറ്റൊരാള്‍ ഉണ്ടായിരുന്നു, നീല ഷര്‍ട്ട് ധരിച്ചയാള്‍'; കോഴിക്കോട്ടെ വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരം പുറത്ത്
കോഴിക്കോട്: വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ നിര്‍ണായക വിവരം പുറത്ത്. കൊല്ലപ്പെട്ട പലവ്യഞ്ജന കട നടത്തുന്ന രാജനൊപ്പം ഇന്നലെ രാത്രിയില്‍ മറ്റൊരാള്‍ കടയിലുണ്ടായിരുന്നുവെന്ന് സമീപത്തെ കടയുടമ അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. അടക്കാത്തെരു പുതിയാപ്പ സ്വദേശി രാജന്‍ ( 62 ) ആണ് മരിച്ചത്. രാജനെ മാര്‍ക്കറ്റ് റോഡിലെ കടയ്ക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.നീല ഷര്‍ട്ട് ധരിച്ചയാളാണ് രാജനൊപ്പം ഇന്നലെ കടയില്‍ ഉണ്ടായിരുന്നതെന്നും അശോകന്‍ പറഞ്ഞു.
ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. രാത്രി താന്‍ വൈകി കടപൂട്ടുന്ന സമയത്ത് രാജന്‍ വാഹനവുമായി പുറത്തേക്ക് പോകാനിറങ്ങി. കടയടക്കാന്‍ പോകുകയാണോയെന്ന് ഈ സമയത്ത് രാജനോട് ചോദിച്ചപ്പോള്‍ പുറത്ത് പോയി ഉടന്‍ മടങ്ങി വരുമെന്നാണ് മറുപടി നല്‍കിയതെന്നും അശോകന്‍ വിശദീകരിച്ചു.
രാജന്‍ പുറത്തേക്കു പോയ സമയത്തും ഇയാള്‍ കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നും പിന്നീടെന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അശോകന്‍ വിശദീകരിച്ചു. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാത്രി, പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും മോതിരവും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ ബൈക്കും കാണാതായതായി പൊലീസ് പറയുന്നു.