സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനം ആചരിക്കുമെന്ന് കെ. സുധാകരൻ

കണ്ണൂർ: സജി ചെറിയാന്‍റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സി.പി.എം മാത്രം തീരുമാനിച്ചാൽ പോരെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. സജി ചെറിയാന്‍റെ മന്ത്രി പദവിയിലേക്കുള്ള തിരിച്ചുവരവ് യു.ഡി.എഫ് അംഗീകരിക്കില്ല. സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി കെ.പി.സി.സി ആചരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

സജി ചെറിയാൻ എന്തിനാണ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചതെന്ന് സി.പി.എം പറയണം. തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രാഥമികമായി സി.പി.എമ്മിന് ഉറപ്പുണ്ടെങ്കിൽ എന്തിനാണ് സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടതെന്നും സുധാകരൻ ചോദിച്ചു.

ഭരണത്തിലിരിക്കുന്ന സി.പി.എം ഏത് കാര്യത്തിലാണ് നീതിപൂർവം പ്രവർത്തിച്ചിട്ടുള്ളത്. എല്ലാത്തിനോടും മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന് സി.പി.എം തീരുമാനിച്ചു. പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണത്തിൽ പോലും അന്വേഷണം നടത്താൻ തയാറാകുന്നില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

സാമ്പത്തിക രംഗത്തെ അഴിമതിയെ കുറിച്ച് അന്വേഷിക്കേണ്ടെന്ന തീരുമാനിക്കാൻ സി.പി.എമ്മിന് എന്ത് അധികാരമാണുള്ളത്. സി.പി.എമ്മിന് എന്തും ആവാമെന്ന അവസ്ഥയാണ്. അരാജകത്വത്തിന്‍റെ വിളനിലമായി സംസ്ഥാനത്തെ മാറ്റുകയാണ്. സി.പി.എമ്മിന്‍റെ ഇത്തരം പ്രവൃത്തികൾ ജനങ്ങൾ വിലയിരുത്തുമെന്നും സുധാകരൻ പറഞ്ഞു.

മയക്കുമരുന്ന് വിൽക്കുന്നവന് വേണ്ടിയാണോ സർക്കാർ ഭരണം നടത്തുന്നത്. യുവതലമുറയെ എങ്ങോട്ടാണ് സർക്കാർ നയിക്കുന്നത്. നിയമസംവിധാനം നിലനിൽക്കാത്ത സമൂഹത്തിൽ യുവതലമുറ വഴിതെറ്റുമെന്ന കാര്യത്തിൽ തർക്കമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story