
രണ്ടര പവന്‍റെ മാല പൊട്ടിച്ച മോഷ്ടാവിനെ കീഴ്പ്പെടുത്തി 75കാരി
December 31, 2022ചെറുതുരുത്തി: രണ്ടര പവന്‍റെ സ്വർണമാല പൊട്ടിച്ച മോഷ്ടാവിനെ അഞ്ച് മിനിറ്റ് ‘പോരാട്ടത്തിലൂടെ’ കീഴ്പ്പെടുത്തി വയോധിക. ചെറുതുരുത്തി കാട്ടിൽമന റോഡിന് സമീപം താമസിക്കുന്ന പടിഞ്ഞാറേതിൽ വീട്ടിൽ കരുണാകരൻ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മയാണ് (75) നാട്ടിലെ താരമായത്.
പുലർച്ച അഞ്ചരക്ക് വീടിന്റെ അടുക്കള ഭാഗത്ത് കൂടെ പുറത്തിറങ്ങിയപ്പോൾ ഏകദേശം 45 വയസ്സ് തോന്നിക്കുന്ന സ്ത്രീ വായ് മൂടിക്കെട്ടി ഇവരുടെ കഴുത്തിൽനിന്ന് താലിമാല പൊട്ടിക്കുകയായിരുന്നു. ഉടൻ വിജയലക്ഷ്മി മോഷ്ടാവിനെ കടന്നുപിടിക്കുകയും മൽപ്പിടുത്തത്തിനൊടുവിൽ മാല തിരിച്ചുവാങ്ങി നിലവിളിക്കുകയും ചെയ്തു. വീട്ടുകാർ ഉണർന്ന് എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.
നാട്ടുകാർ സമീപത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇവർ അടുത്തുള്ള ബാവ എന്നയാളുടെ വീട്ടിൽ ചെന്ന് വെള്ളം ചോദിക്കുകയും ഇതിനിടെ വില കൂടിയ മൊബൈൽ ഫോൺ മോഷ്ടിച്ച് രക്ഷപ്പെട്ടതായും പറയുന്നു. ചെറുതുരുത്തി പൊലീസിൽ പരാതി നൽകി.