Post Office Savings Scheme: പണം ഒരു പ്രശ്‌നമാണ്, പക്ഷെ പലിശ…; 1,000 രൂപ നിക്ഷേപം എളുപ്പത്തില്‍ ഇരട്ടിയാക്കാം

പണം ഒരു പ്രശ്‌നമാണ്, പക്ഷെ പലിശ…; 1,000 രൂപ നിക്ഷേപം എളുപ്പത്തില്‍ ഇരട്ടിയാക്കാം – Post Office Savings Scheme

April 21, 2025 0 By eveningkerala

പണം ഒരു പ്രശ്‌നമാണോ നിങ്ങള്‍ക്ക്? പണം ആര്‍ക്കാണല്ലേ പ്രശ്‌നമല്ലാത്തത്. നമ്മള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യം തന്നെയാണ് സാമ്പത്തികം. കൃത്യമായ ആസൂത്രണമില്ലെങ്കില്‍ ഉറപ്പായും സാമ്പത്തിക കാര്യങ്ങളില്‍ താളം തെറ്റും. ജോലി ഉണ്ടായിരിക്കുമ്പോള്‍ കിട്ടുന്ന ശമ്പളത്തിനെല്ലാം അടിച്ചുപൊളിച്ച് ജീവിക്കുന്നവരും നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ മാസവസാനം ആകുമ്പോഴേക്കും ഇവര്‍ക്ക് കടം വാങ്ങിക്കേണ്ട അവസ്ഥ വരും.

കടം വാങ്ങിച്ച് എത്ര നാള്‍ മുന്നോട്ട് പോകും. ഓക്കെ ഇനിയിപ്പോള്‍ കടം വാങ്ങിക്കുന്നത് ഒരു പ്രശ്‌നമല്ലെന്ന് ഇരിക്കട്ടെ, ജോലി ഇല്ലാതിരിക്കുന്ന കാലത്ത് നിങ്ങള്‍ കടം ചോദിച്ചാല്‍ ആരെങ്കിലും പണം തരുമോ? ഇല്ലെന്ന് കാര്യം ഉറപ്പല്ലേ. അതിനാല്‍ ജോലി ഉള്ളപ്പോള്‍ റിട്ടയര്‍മെന്റ് കാലത്തിനായി പണം സ്വരുക്കൂട്ടാം.

ഇന്നത്തെ കാലത്ത് പലതരത്തിലുള്ള റിട്ടയര്‍മെന്റ് നിക്ഷേപ പദ്ധതികളുണ്ട്. നിക്ഷേപങ്ങളുടെ കാര്യത്തില്‍ ബാങ്കുകളെ മാത്രമല്ല ആളുകള്‍ ആശ്രയിക്കുന്നത്. പോസ്റ്റ് ഓഫീസുകള്‍ക്കും വലിയ പ്രചാരമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ അപകട സാധ്യത വളരെ കുറവാണ്.

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് പരിഗണിക്കാവുന്ന മികച്ച പദ്ധതികള്‍ പോസ്റ്റ് ഓഫീസ് അവതരിപ്പിക്കുന്നുണ്ട്. അവയിലൊന്നാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം. 60 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഈ പദ്ധതിയുടെ ഭാഗമാകാന്‍ സാധിക്കുന്നതാണ്.

50 വയസിന് മുകളിലും 60 വയസിന് താഴെയുമുള്ള വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും 55 വയസിന് മുകളിലുള്ള വിരമിച്ച ജീവനക്കാര്‍ക്കും പദ്ധതിയുടെ ഭാഗമാകാം. നിങ്ങള്‍ക്ക് ഈ പദ്ധതിയില്‍ 1,000 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്നതാണ്. 30 ലക്ഷം രൂപ വരെയാണ് നിക്ഷേപ പരിധി. ആദായ നികുതി നിയമത്തിലെ 80 സി പ്രകാരം 1.5 ലക്ഷം രൂപയുടെ നികുതി കിഴിവും ലഭിക്കും.

അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ കാലയളവ്. കാലാവധിക്ക് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താല്‍ പിഴയൊടുക്കണം. 8.2 ശതമാനമാണ് പലിശ. 30 ലക്ഷം രൂപ നിങ്ങള്‍ നിക്ഷേപിച്ചാല്‍ 2.46 ലക്ഷം രൂപ പലിശയായി ലഭിക്കും. അത്തരത്തിലാകുമ്പോള്‍ പ്രതിമാസം 20,000 രൂപ നിങ്ങള്‍ക്ക് പെന്‍ഷനായി ലഭിക്കുന്നതാണ്. നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ച് തിരികെ ലഭിക്കുന്ന സംഖ്യയില്‍ മാറ്റമുണ്ടാകും