‘ഞാൻ പൊലീസാണ്, സഹകരിച്ചേ പറ്റൂ’; വേഷം മാറി  ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് നിന്ന് മോഷ്ടിച്ചത് 11 മൊബൈൽ ഫോണ്‍; ഒടുവില്‍ മലപ്പുറം സ്വദേശി  അബ്ദുൽ റഷീദ്  കുടുങ്ങി

‘ഞാൻ പൊലീസാണ്, സഹകരിച്ചേ പറ്റൂ’; വേഷം മാറി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് നിന്ന് മോഷ്ടിച്ചത് 11 മൊബൈൽ ഫോണ്‍; ഒടുവില്‍ മലപ്പുറം സ്വദേശി അബ്ദുൽ റഷീദ് കുടുങ്ങി

April 22, 2025 0 By eveningkerala

AI Image, പിടിയിലായ പ്രതി (വലത്)

ഇതര  സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് നിന്ന് 11 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും മോഷണം പോയ സംഭവത്തില്‍ പ്രതിയെ കുടുക്കി പൊലീസ്. പൊലീസാണെന്ന് തെറ്റിധരിപ്പിച്ചും, ഹെൽത്ത് ഇൻസ്‌പെക്ടർ ചമഞ്ഞുമൊക്കെ ഇയാള്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കോഴിക്കോട് ഫറോക്കിലാണ് സംഭവം.

കരുളായി അമരമ്പലം സ്വദേശി അബ്ദുൽ റഷീദ് (43) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫറോക്കിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്ന് മൊബൈൽ ഫോണുകളും പണവും മോഷണം പോയത്.  കഴിഞ്ഞ ദിവസം അതിരാവിലെ നാലുമണിക്ക് നിലമ്പൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് അബ്ദുൽ റഷീദിനെ പൊലീസ് പൊക്കിയത്.

പിടിയിലാകുമ്പോള്‍, പ്രതിയുടെ കയ്യിൽ നിന്നും 5 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ബാക്കി 6 ഫോണുകള്‍ വിറ്റ് കാശാക്കിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. വിറ്റുവെന്ന് പറയുന്ന ഫോണുകള്‍ പിന്നീട് റിക്കവറി ചെയ്യും. പൊലീസാണെന്ന് തെറ്റിധരിപ്പിച്ച് പല സ്ഥലങ്ങളിലും കറങ്ങി നടക്കുന്നത് ഇയാളുടെ ശീലമാണ്. ഫറോക്ക് എ.സി.പി എ.എം സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ കവര്‍ന്ന അഞ്ചില്‍ അധികം കേസുകളും ഇയാൾക്കെതിരെ നേരത്തേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.