കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു

April 21, 2025 0 By eveningkerala
  • ജനഹൃദയങ്ങളെ തൊട്ടും സ്നേഹിച്ചും വിശുദ്ധജീവിതം നയിച്ചത് 88 വര്‍ഷം
  • 266–ാമത്തെ മാര്‍പ്പാപ്പ, ലാറ്റിന്‍ അമേരിക്കയില്‍ നിന്നുമുള്ള ആദ്യ മാർപാപ്പ
  • ജനനം 1936ല്‍, വൈദികനായത് 56 വര്‍ഷം മുന്‍പ്, 2001ല്‍ കര്‍ദിനാളായി

കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. നീണ്ട 89 വര്‍ഷത്തെ വിശുദ്ധ ജീവിതത്തിനൊടുവിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തത്. റോമന്‍ കത്തോലിക്കാ സഭയുടെ 266–ാമത്തെ മാര്‍പാപ്പയായ അദ്ദേഹം ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്.

2013 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിവച്ചതോടെയാണ് ചുമതലയേറ്റത്.  കടുത്ത ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന പാപ്പ അടുത്തയിടെയാണ് രോഗവിമുക്തി നേടിയത്. പുലര്‍ച്ചെ 7.35 (പ്രാദേശിക സമയം) ഓടെ റോമിലെ ബിഷപ് ഹൗസില്‍ വച്ച് മാര്‍പാപ്പ ദൈവ സന്നിധിയിലേക്ക് മടങ്ങിപ്പോയെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. സഭയിക്കും ദൈവത്തിനുമായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതമെന്നും കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

1936 ല്‍ ജനിച്ച പാപ്പ 56 വര്‍ഷം മുന്‍പാണ് വൈദികനായത്. 2001 ല്‍ കര്‍ദിനാളായി. തീര്‍ത്തും ലളിതമായ ജീവിതമാണ് മാര്‍പാപ്പ നയിച്ചത്. പറഞ്ഞതു തന്നെ പ്രവര്‍ത്തിച്ചും പ്രാര്‍ഥിച്ചും ലോക സമാധാനത്തിനായി പാപ്പ നിലകൊണ്ടു. അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച്‌ബിഷപ് ആയിരുന്ന ജോർജ് മാരിയോ ബർഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായപ്പോഴും സാധാരണ മുറിയില്‍ കഴിഞ്ഞും മനുഷ്യന്‍റെ കണ്ണീരും വേദനയും ഒപ്പിയും ജീവിതം തുടര്‍ന്നു. വീടുകളില്ലാത്തവരെ ചേര്‍ത്ത് പിടിച്ചും കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ അഭയാര്‍ഥികളെയും ജയിലില്‍ കഴിയുന്നവരെയും ഉള്‍പ്പെടുത്തിയും വലിയ ഇടയന്‍റെ മാതൃക പിന്‍പറ്റി.

കത്തോലിക്കാ സഭയുടെ  പരമാധ്യക്ഷന്‍ എന്ന പദവിക്കും മുകളിലായി ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന ലോകനേതാവായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എല്ലാവരുടെയും നായകന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍, ദാസനാകണമെന്ന തിരുവചനത്തിന്‍റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫ്രാന്‍സിസ് പാപ്പ. കത്തോലിക്കാ സമൂഹത്തിന്‍റെ നേതാവും വിശ്വാസ ലോകത്തിന്‍റെ ആത്മീയാചാര്യനും ആകുമ്പോള്‍ തന്നെ  ലോകസമൂഹത്തിന്‍റെ ധാര്‍മിക ശബ്ദം കൂടിയായിരുന്നു ഫ്രാന്‍സിസ് പാപ്പ. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഇടപെടലുകള്‍ കത്തോലിക്കാ സഭയില്‍ വരുത്തിയ കാലാതീതമായ മാറ്റങ്ങള്‍, പാപ്പയുടെ നിലപാടുകള്‍ ലോകസമൂഹത്തിനു നല്‍കിയ പ്രതീക്ഷകള്‍. ഈ സവിശേഷതകളാണ് മറ്റേത് മതമേലധ്യക്ഷന്‍മാരെക്കാളും ഫ്രാന്‍സിസ് പാപ്പയ്ക്ക് ആഗോളതലത്തില്‍ സ്വീകാര്യത നേടിക്കൊടുത്തത്.

സ്വവര്‍ഗ പ്രേമികളോടുള്ള നിലപാടാണ് ചുമതയേറ്റയുടന്‍ ചര്‍ച്ചാവിഷയമായ പ്രധാനകാര്യം. ”ഒരാള്‍ സ്വവര്‍ഗ പ്രേമിയായിരിക്കുകയും ദൈവത്തെ തേടുകയും സന്മനസായിരിക്കുകയും ചെയ്താല്‍ അയാളെ വിധിക്കാന്‍ ഞാനാര്?” ഇതായിരുന്നു ഇതിനുള്ള അദ്ദേഹത്തിന്‍റെ മറുപടി. ബ്രിട്ടന്‍, ജര്‍മനി,  അയര്‍ലണ്ട് എന്നിവിടങ്ങളില്‍ വൈദികരുടെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരകളായവരുമായി നേരിട്ടു കൂടിക്കാഴ്ച നടത്തിയതും ലോകമാധ്യമങ്ങളില്‍ ഇടംപിടിച്ചു.