ചിന്താ ജെറോമിന് ശമ്പള കുടിശിക വൈകും; വിവാദങ്ങള്‍ തിരിച്ചടിയായി

ചിന്താ ജെറോമിന് ശമ്പള കുടിശിക വൈകും; വിവാദങ്ങള്‍ തിരിച്ചടിയായി

January 7, 2023 0 By Editor

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന് ശമ്പള കുടിശിക നല്‍കുന്നത് വൈകും. സംഭവം വിവാദമായ സാഹചര്യത്തില്‍ ബന്ധപ്പെട്ട തുടര്‍നടപടികള്‍ ധനവകുപ്പ് നിര്‍ത്തിവെച്ചു.  നേരത്തെ 18 മാസത്ത കുടിശികയായ 9 ലക്ഷം രൂപ നല്‍കാന്‍ ധനവകുപ്പ് അനുമതി നല്‍കിയിരുന്നു.  2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ 50,000 രൂപയായിരുന്നു യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം. ഇത് 2018 ൽ ഒരു ലക്ഷമാക്കി.2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുൻകാല പ്രാബല്യം അനുവദിച്ചിരിക്കുന്നത്.

ചിന്താ ജെറോമിന് ശമ്പളക്കുടിശിക നൽകിയാൽ യുഡിഎഫ് കാലത്ത് പദവിയിലിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ആർ.വി.രാജേഷിനും കുടിശിക നൽകേണ്ടി വരും. 3 വർഷത്തെ കുടിശികയായി 18 ലക്ഷത്തോളം രൂപയാണ് രാജേഷിനു നൽകേണ്ടി വരിക.ശമ്പള കുടിശിക നൽകണമെന്ന ആവശ്യവുമായി ആര്‍.വി രാജേഷ് കോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്നാണ് ചിന്താ ജെറോം മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. 2018 മുതൽ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങി വരുന്നു. അതിന് മുൻപുള്ള കാലഘട്ടത്തിൽ അഡ്വാൻസ് തുകയായി 50000 രൂപ ലഭിച്ചിരുന്നു. ഇത് ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുവജന കമീഷന് അംഗീകരിച്ചുവന്ന തുകയല്ലാതെ നാളിതുവരെ ഒരു രൂപ കൈപ്പറ്റിയിട്ടില്ലെന്ന് ചിന്ത പറഞ്ഞു. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നത് തെറ്റായ വാര്‍ത്തയാണെന്നും ചിന്ത വ്യക്തമാക്കി.

അതേസമയം,  കുടിശികയ്ക്കായി അപേക്ഷിച്ചിട്ടില്ലെന്ന ചിന്ത ജെറോമിന്‍റെ വിശദീകരണം തെറ്റാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. ആദ്യത്തെ അപേക്ഷ തള്ളിക്കൊണ്ടുള്ള കായിക യുവജനകാര്യ വകുപ്പിന്റെ ഉത്തരവിൽ ശമ്പളക്കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയത് ചിന്താ ജെറോം തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്.