'മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വേവിച്ച് കഴിച്ചു', അപൂർവങ്ങളിൽ അപൂർവം; നരബലി കേസിൽ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചു. കാലടി സ്വദേശി റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിന് പുറമെ കൂട്ടബലാത്സംഗം, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവ് നശിപ്പിക്കൽ, മനുഷൃ കടത്ത് എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് രേഖപെടുത്തി 89-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

ഇലന്തൂരിലെ ഭഗവൽ സിങ്ങിന്റെ വീട്ടിൽ റോസ്‍ലിയെ എത്തിച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് വേവിച്ച് കഴിച്ചുവെന്നതാണ് കേസ്. അപൂർവങ്ങളിൽ അപൂർവമാണ് കേസെന്നും കുറ്റപത്രത്തിൽ പറയുന്നു. 200ലധികം സാക്ഷി മൊഴികൾ, 60 ഓളം മഹസറുകൾ, 130 ലധികം രേഖകൾ, 50ഓളം തൊണ്ടി മുതലുകൾ എന്നിവയും അന്വേഷണ സംഘം സമർപ്പിച്ചിരുന്നു.

ഇരട്ട നരബലിയിൽ ആദ്യ കൊലപാതകമായിരുന്നു റോസ്‍ലിയുടേത്. രണ്ടാമത്തേത് തമിഴ് സ്ത്രീയായ പത്മയുടെതാണ്. പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ച് പുറംലോകം അറിയാനിടയാക്കിയത്. പത്മയെ കൊലപ്പെടുത്തിയതിൻറെ കുറ്റപ്പത്രം ഈ മാസം ആറിന് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story