
ജല്ലിക്കെട്ട് കാണാനെത്തിയ 14 കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു
January 22, 2023തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് കാണാനെത്തിയ 14 വയസുകാരൻ കാളയുടെ കുത്തേറ്റ് മരിച്ചു. ഗോകുൽ എന്ന കുട്ടിയാണ് മരിച്ചത്. ധർമപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങൾക്കൊപ്പമാണ് ഗോകുൽ ജല്ലിക്കെട്ട് കാണാനെത്തിയത്. തുറന്നുവിട്ടതോടെ പാഞ്ഞുവന്ന കാളകളിൽ ഒന്ന് സമീപത്തു നിന്ന കുട്ടിയെ കുത്തുകയായിരുന്നു.
വയറ്റിൽ കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ബാലനെ ഉടൻ ധർമപുരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ധർമപുരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗോകുലിന് പരുക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കഴിഞ്ഞയാഴ്ച മധുരയിൽ ജല്ലിക്കട്ടിനിടെ കാളയുടെ ആക്രമണത്തിൽ 26കാരൻ മരിച്ചിരുന്നു. പാലമേട് സ്വദേശിയായ ഗോപാലൻ അരവിന്ദ് രാജ് ആണ് മരിച്ചത്. സംഭവത്തിൽ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.